ദുബായ് : യുഎഇയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവല്‍കരണം. ഐടി, സാമ്പത്തിക രംഗത്തുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍, റിയല്‍ എസ്‌റ്റേറ്റ്, പ്രഫഷനല്‍ സാങ്കേതിക മേഖലയിലെ സ്ഥാപനങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോര്‍ട്ടീവ്, വിദ്യാഭ്യാസം, ആരോഗ്യസാമൂഹിക രംഗം, കലവിനോദം, ഖനനം,ക്വാറി, നിര്‍മാണ വ്യവസായങ്ങള്‍, മൊത്തചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ഗതാഗതം, സംഭരണ മേഖല, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലാണ് സ്വദേശി നിയമനം കര്‍ശനമാക്കിയിരിക്കുന്നത്.
ഈ മേഖലകളില്‍ 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെ നിര്‍ബന്ധമായും നിയമിച്ചിരിക്കണം. ഡിസംബര്‍ 31നു മുന്‍പ് നിയമനം പൂര്‍ത്തിയാക്കണമെന്നും മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം നിര്‍ദേശം നല്‍കി.
നിലവിലുള്ള സ്വദേശികളെ നിലനിര്‍ത്തിയാകണം പുതിയ നിയമനം. ഈ വര്‍ഷത്തെ നിയമന ക്വോട്ട നികത്താത്ത കമ്പനികള്‍ക്ക് മന്ത്രാലയം ജനുവരിയില്‍ 96,000 ദിര്‍ഹം സാമ്പത്തികബാധ്യത ചുമത്തും. അടുത്തവര്‍ഷവും നിയമനം പൂര്‍ത്തിയാക്കാതിരുന്നാല്‍ കമ്പനികള്‍ മന്ത്രാലയത്തില്‍ അടയ്‌ക്കേണ്ടത് 1.08 ലക്ഷം ദിര്‍ഹമായിരിക്കും.
അതേസമയം 20ല്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് നിയമം ബാധകമല്ല. വേഗത്തില്‍ വളരുന്ന, അനുയോജ്യമായ തൊഴില്‍ അന്തരീക്ഷവും സാമ്പത്തിക സുസ്ഥിരതയുമുള്ള കമ്പനികളെ മാത്രമാണ് സ്വദേശിവല്‍ക്കരണ നിയമന പരിധിയില്‍ ഉള്‍പ്പെടുത്തിയത്.