ന്യൂയോർക്ക്: ഇറാനുമായി വ്യാപാര ബന്ധം ഉള്ളവരും ഉപരോധം നേരിടേണ്ടി വരും എന്ന് അമേരിക്ക. ഇറാനിലെ ചബഹാർ തുറമുഖത്തിൻ്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുത്തതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി അമേരിക്ക എത്തിയത്. ഇറാനുളള ഉപരോധം തുടരുകയാണ്. ഇത് അവരുമായി സഹകരിക്കുന്നവർക്കും ബാധകമാണെന്ന് അമേരിക്കൻ വിദേശകാര്യ ഉപവക്താവ് വേദാന്ത് പട്ടേൽ അറിയിച്ചു.
ഇറാനുമായുള്ള ബന്ധം എങ്ങനെയെന്ന് ഇന്ത്യയാണ് വിശദീകരിക്കേണ്ടതെന്നും അമേരിക്കൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ചാബഹാർ തുറമുഖത്തിൻ്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള കരാർ ഇന്ത്യ ഒപ്പു വച്ചത്.അടുത്ത 10 വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്. 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ സന്ദർശിച്ചപ്പോൾ തുറമുഖവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ചിരുന്നു.
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിദ്ധ്യത്തിൽ ഇറാനിലെ ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡും പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷനും കരാറിൽ ഒപ്പുവെച്ചതായി ഇറാനിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. ഈ കരാർ ഒപ്പിട്ടതോടെ ചബഹാറിൽ ഇന്ത്യയുടെ ദീർഘകാല ഇടപെടലിന് അടിത്തറ പാകിയതായി ചടങ്ങിൽ സംസാരിച്ച സോനോവാൾ പറഞ്ഞു.
ഇന്ത്യ തുറമുഖത്തിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് . ഇറാന്റെ തെക്കുകിഴക്കൻ തീരത്ത് ഒമാൻ ഉൾക്കടലിനോട് ചേർന്നും ഇറാൻ-പാകിസ്താൻ അതിർത്തിയിലും സ്ഥിതി ചെയ്യുന്നതാണ് ചബഹാറിലെ തുറമുഖം. ഇതിന്റെ ഒരു ഭാഗം, ഇറാൻ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു മാർഗമായാണ് ഇന്ത്യ വികസിപ്പിക്കുന്നത്. സിഐഎസ് (കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സ്) രാജ്യങ്ങളിലേക്ക്എ ത്തിച്ചേരുന്നതിന് ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോറിന് (ഐഎൻഎസ്ടിസി) കീഴിൽ ചബഹാർ തുറമുഖത്തെ ഒരു ട്രാൻസിറ്റ് ഹബ് ആക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.