ചൈനീസ് ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞതോടെ തായ്‌ലൻഡിലെ ടൂറിസം വ്യവസായം വലിയ പ്രതിസന്ധി നേരിടുകയാണ്. കോവിഡിന് മുൻപ് 39.9 ദശലക്ഷം സഞ്ചാരികളെത്തിയിരുന്ന രാജ്യത്ത് ഈ വര്‍ഷം 28 ദശലക്ഷം സഞ്ചാരികളേ എത്തുകയുള്ളൂ എന്നാണ് തായ്ലൻഡ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ഇപ്പോഴിതാ, വിനോദ സഞ്ചാര മേഖലയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തായ്ലൻഡ് സര്‍ക്കാര്‍ സ്വീകരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ നിശാക്ലബ്ബുകളുടെയും കരോക്കേ ബാറുകളുടെയും പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചിരിക്കുകയാണ്.
നൈറ്റ് ലൈഫ് കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നടപടികളാണ് തായ്‌ലൻഡ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, ചിയാങ് മായ്, സാമുയി എന്നിവിടങ്ങളിലെ നിശാക്ലബ്ബുകള്‍ക്കും ബാറുകള്‍ക്കും പുലര്‍ച്ചെ നാലുമണി വരെ പ്രവര്‍ത്തിക്കാം. ഇത് സംബന്ധിച്ച നിയമ ഭേദഗതി തായ്‌ലൻഡ് മന്ത്രിസഭ അംഗീകരിച്ചു.
തായ്‌ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പരിഷ്‌കരണങ്ങള്‍. ഡിസംബര്‍ 15 മുതലാണ് പുതിയ നിയമങ്ങള്‍ നിലവില്‍ വരിക. പുതിയ മന്ത്രിസഭ അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരാനുള്ള നടപടികളിലാണ് സര്‍ക്കാര്‍. ഇന്ത്യ, റഷ്യ, ചൈന, കസാക്കിസ്ഥാൻ, തായ്‌വാൻ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിസ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
തായ്‌ലൻഡിലേക്ക് ഈ വര്‍ഷം ഇതുവരെ 24.5 ദശലക്ഷം വിദേശ വിനോദസഞ്ചാരികളാണ് എത്തിയത്. ഈ വര്‍ഷം കഴിയുന്നതോടെ ഇത് 28 ദശലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിന് മുൻപ് 39.9 ദശലക്ഷം സഞ്ചാരികളാണ് തായ്‌ലൻഡില്‍ എത്തിയിരുന്നത്. ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വൻഇടിവാണ് നിലവില്‍ തായ്‌ലൻഡ് നേരിടുന്ന പ്രതിസന്ധി.