യൂറോപ്പിലേക്കുള്ള റിഫൈനറി പെട്രോളിയം കയറ്റുമതിയിൽ ഇന്ത്യ മുന്നിൽ

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആവശ്യമായതിന്റെ 85 ശതമാനത്തിലേറെയും ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.
എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതേ ഇന്ത്യ തന്നെയാണ് 2023-ല്‍ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ യൂറോപ്യൻ യൂണിയന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരായി മാറിയിരിക്കുന്നത് എന്നതാണ്.

വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യയാണ് യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇതിന് തൊട്ടുപിന്നിലാണ് ഇന്ത്യ. ആര്‍ഐഎ നൊവോസ്റ്റിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെ യൂറോപ്യൻ യൂണിയൻ ഇന്ത്യയില്‍ നിന്ന് 7.9 ദശലക്ഷം ടണ്‍ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തു. 2021 മുതലുള്ള കണക്കുകള്‍ പ്രകാരം ഇത് മൂന്നിരട്ടിയിലേറെയാണ്.

റിപ്പോര്‍ട്ട് അനുസരിച്ച്‌, ഈ വര്‍ഷത്തെ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പന്നങ്ങളുടെ അളവ് ഇന്ത്യയെ 2022-ലെ ആറാം സ്ഥാനത്ത് നിന്ന് 2023-ല്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു. ഫ്രാൻസ്, നെതര്‍ലാൻഡ്‌സ്, ഇറ്റലി എന്നിവരാണ് മൂന്ന് വലിയ ഇറക്കുമതിക്കാര്‍. ക്രൊയേഷ്യ, ലാത്വിയ, റൊമാനിയ, ജര്‍മ്മനി എന്നിവരും പിന്നാലെയുണ്ട്. ചൈനയ്ക്ക് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശുദ്ധീകരണ കമ്ബനിയായ ഇന്ത്യ, റഷ്യയില്‍ നിന്ന് ശുദ്ധീകരിക്കുന്ന ക്രൂഡിന്റെ 40% ഇറക്കുമതി ചെയ്യുന്നുണ്ട്.

ഉക്രൈന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാശ്ചാത്യ ഉപരോധത്തിന്റെ ഫലമായി റഷ്യ ക്രൂഡിന് ലഭിച്ച കിഴിവ് കാരണം അളവ് ഗണ്യമായി വര്‍ദ്ധിച്ചു. റഷ്യൻ ക്രൂഡ് മറ്റ് വഴികളിലൂടെ യൂറോപ്യൻ വിപണികളിലേക്ക് കടക്കുന്നത് തുടരുന്നു. ഇന്ത്യവഴിയാണ് റഷ്യന്‍ ക്രൂഡുകള്‍ പ്രധാനമായും യൂറോപ്യന്‍ യൂണിയനിലേക്ക് എത്തുന്നത്. സെന്റര്‍ ഫോര്‍ റിസര്‍ച്ച്‌ ഓണ്‍ എനര്‍ജി ആൻഡ് ക്ലീൻ എയര്‍ (CREA) യുടെ കണക്കുകള്‍ പ്രകാരം, ബള്‍ഗേറിയയിലെ ബ്ലാക്ക് സീ നെഫ്‌റ്റോചിം ബര്‍ഗാസ് റിഫൈനറി ഈ വര്‍ഷത്തെ ആദ്യ 10 മാസങ്ങളില്‍ 4.95 ദശലക്ഷം ടണ്‍ റഷ്യൻ ക്രൂഡ് ഇറക്കുമതി ചെയ്തിട്ടുണ്ട്.

മതിയായ ആഭ്യന്തര വിതരണം ഉറപ്പാക്കുന്നതിനായി 2022 അവസാനത്തോടെ നടപ്പാക്കിയ യൂറോപ്യൻ യൂണിയന്റെ റഷ്യൻ എണ്ണ ഉപരോധത്തില്‍ നിന്ന് ബള്‍ഗേറിയയ്ക്ക് ഇളവ് അനുവദിച്ചിരുന്നു. ഈ ആനുകൂല്യം ഉപയോഗിച്ച്‌ റഷ്യൻ എണ്ണ ശുദ്ധീകരിക്കുകയും മറ്റ് യൂറോപ്യൻ വിപണികളിലേക്ക് വില്‍ക്കുകയും ചെയ്യുന്നു.

കണക്കുകള്‍ അനുസരിച്ച്‌ ഇന്ത്യ, ചൈന, തുര്‍ക്കി എന്നിവയ്ക്ക് ശേഷം റഷ്യൻ കടല്‍ വഴിയുള്ള ക്രൂഡ് ഇറക്കുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് ബള്‍ഗേറിയ.