ന്യൂയോര്‍ക്ക്: യു.എസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേശകനായിരുന്ന സ്റ്റുവര്‍ട്ട് സെല്‍ഡോവിറ്റ്‌സിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മാൻഹാട്ടനിലെ ഹലാല്‍ ഭക്ഷണശാലയില്‍ വൻ തിരിക്ക്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കാനായി നിരവധി പേരാണ് കടയിലെത്തുന്നത്. ഈജിപ്ഷ്യൻ സ്വദേശിയായ മുഹമ്മദ് ആണ് കട നടത്തുന്നത്. ഇയാള്‍ക്കെതിരെ സെല്‍ഡോവിറ്റ്‌സ് നടത്തിയ വംശീയാധിക്ഷേപങ്ങള്‍ വൈറലായതോടെയാണ് ഇവരെ പിന്തുണയ്ക്കാൻ ആളുകള്‍ കൂട്ടത്തോടെ കടയിലെത്തിയത്.
അതിനിടെ വിദ്വേഷ പരാമര്‍ശം നടത്തിയ സെല്‍ഡോവിറ്റ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇസ്രായേല്‍ ആന്റ് ഫലസ്തീൻ അഫയേഴ്‌സ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന സ്റ്റുവര്‍ട്ട് സെല്‍ഡോവിറ്റസ് ബുധനാഴ്ചയാണ് അറസ്റ്റിലായത്. ക്രൂരമായ ഉപദ്രവം, ഭയപ്പെടുത്തുന്ന രീതിയിലുള്ള പിന്തുടരല്‍, ജോലി സ്ഥലത്ത് ശല്യം ചെയ്യല്‍, വിദ്വേഷം മൂലമുള്ള പിന്തുടരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സെല്‍ഡോവിറ്റ്‌സിനെ അറസ്റ്റ് ചെയ്തത്.
മാൻഹാട്ടനിലുള്ള മുഹമ്മദിന്റെ കടയിലെത്തിയ സെല്‍ഡോവിറ്റസ് ഗസ്സ യുദ്ധത്തെക്കുറിച്ച് തര്‍ക്കിക്കുന്ന ഒന്നിലധികം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ”ഞങ്ങള്‍ 4000 ഫലസ്തീൻ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയെങ്കിലും അത് മതിയാവില്ല” എന്ന് തര്‍ക്കത്തിനിടെ പറയുന്ന വീഡിയോ സെല്‍ഡോവിറ്റസ് എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. കച്ചവടക്കാരൻ സെല്‍ഡോവിറ്റ്‌സിനോട് ”എനിക്ക് കേള്‍ക്കണ്ട, നിങ്ങള്‍ ഇവിടെനിന്ന് പോകൂ” എന്ന് പറയുന്നുണ്ട്. എന്നാല്‍ ”നിങ്ങള്‍ തീവ്രവാദിയാണ്, നിങ്ങള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മറ്റൊരു വീഡിയോയില്‍ സെല്‍ഡോവിറ്റ്‌സ് പ്രവാചകൻ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതും ഇഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ ‘വിവരമില്ലാത്തവൻ’ എന്ന് അധിക്ഷേപിക്കുന്നതും കാണാം. കച്ചവടക്കാരനെതിരെ ഈജിപ്തിലെ രഹസ്യ പൊലീസിനെ അണിനിരത്താൻ തന്റെ സര്‍ക്കാര്‍ ബന്ധങ്ങള്‍ ഉപയോഗിക്കുമെന്നും സ്റ്റുവര്‍ട്ട് ഭീഷണിപ്പെടുത്തുന്നുണ്ട്. ”ഈജിപ്തിലെ ഇന്റലിജൻസ് ഏജൻസി നിങ്ങളുടെ മാതാപിതാക്കളെ പിടികൂടും. നിങ്ങളുടെ പിതാവിന് അദ്ദേഹത്തിന്റെ നഖങ്ങള്‍ ഇഷ്ടമാണോ? അവര്‍ ഓരോന്നായി പുറത്തെടുക്കും”-സെല്‍ഡോവിറ്റ്‌സ് ചിരിച്ചുകൊണ്ട് പറയുന്നതും വീഡിയോയില്‍ കാണാം.