കീവില്‍ വീണ്ടും റഷ്യൻ മിസൈല്‍ ആക്രമണം

യുക്രെയ്ൻ തലസ്ഥാനമായ കീവില്‍ വീണ്ടും റഷ്യൻ മിസൈല്‍ ആക്രമണം. ഇന്നലെ രാവിലെ രണ്ടു ബാലിസ്റ്റിക് മിസൈലുകളാണ് കീവില്‍ പതിച്ചത്.

ആളപായമില്ല. അഞ്ചു കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ടായി.

52 ദിവസങ്ങള്‍ക്കു ശേഷമാണ് റഷ്യൻ സേന യുക്രെയ്ൻ തലസ്ഥാനത്തേക്കു മിസൈല്‍ വിടുന്നത്. വെള്ളിയാഴ്ച രാത്രി യുക്രെയ്നിലുടനീളം റഷ്യയുടെ ഡ്രോണ്‍ ആക്രമണവും ഉണ്ടായി.
ശൈത്യം തുടങ്ങുന്നതോടെ റഷ്യൻ സേന യുക്രെയ്നില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ശൈത്യകാലത്ത് യുക്രെയ്നിലെ വൈദ്യുതി, പശ്ചാത്തല സംവിധാനങ്ങളെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തിയിരുന്നു.

പാശ്ചാത്യര്‍ നല്കിയ കൂടുതല്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ യുക്രെയ്നില്‍ വിന്യസിച്ചുകഴിഞ്ഞതായി പ്രസിഡന്‍റ് സെലൻസ്കി നേരത്തേ അറിയിച്ചിരുന്നു.

റഷ്യൻ എണ്ണയുത്പാദന കേന്ദ്രങ്ങള്‍ക്കെതിരേ പ്രത്യാക്രമണം നടത്തുമെന്ന മുന്നറിയിപ്പും യുക്രെയ്ൻ നല്കിയിട്ടുണ്ട്.

ഇതിനിടെ, കിഴക്കൻ യുക്രെയ്നിലെ അവ്ഡിവ്കയില്‍ ഉഗ്രപോരാട്ടം തുടരുകയാണ്.
റഷ്യൻ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതായി യുക്രെയ്ൻ അവകാശപ്പെട്ടു.