ഗർഭധാരണ ചികിത്സയിൽ 34 വർഷം മുമ്പ് ഡോക്ടർ സ്വന്തം ബീജം കുത്തിവെച്ചെന്ന് വനിതയുടെ പരാതി
[ad_1]
കൃത്രിമ ഗര്‍ഭധാരണ ചികിത്സ തേടി സമീപിച്ച ഡോക്ടര്‍ സ്വന്തം ബീജം രഹസ്യമായി തന്നിൽ കുത്തിവെച്ചെന്ന പരാതിയുമായി അമേരിക്കൻ വനിത. 67 കാരിയായ ഷാരോൺ ഹായേസ് ആണ് പരാതിയുമായി കോടതിയെ സമീപിച്ചത്. 34 വർഷം മുൻപ് നടത്തിയ കൃത്രിമ ഗർഭധാരണ ചികിൽസയ്ക്കിടെയാണ് താൻ വഞ്ചിക്കപ്പെട്ടതെന്ന് പരാതിക്കാരി പറയുന്നു.
1989-ലാണ് ഷാരോണും ഭർത്താവും വാഷിംഗ്‌ടണിലെ സ്‌പോക്കെയ്ൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൈനക്കോളജിസ്റ്റായ ഡോക്ടർ ഡേവിഡ് ആർ ക്ലേപൂളിനെ ഗർഭധാരണ ചികിൽസക്കായി സമീപിച്ചത്. എന്നാല്‍ താനുമായുള്ള വ്യവസ്ഥകള്‍ ഡോക്ടര്‍ ലംഘിക്കുകയായിരുന്നുവെന്നും ഷാരോണ്‍ ഹെയ്‌സ് പരാതിയിൽ പറയുന്നു.
ബുധനാഴ്ചയാണ് സ്‌പോകേന്‍ കൗണ്ടി സുപീരിയര്‍ കോര്‍ട്ടില്‍ ഷാരോണ്‍ ഹെയ്‌സ് പരാതി നല്‍കിയത്. അജ്ഞാതനായ ഒരു ദാതാവിനെയായിരുന്നു താന്‍ ആവശ്യപ്പെട്ടതെന്നും തന്റെ താല്‍പര്യത്തിനനുസരിച്ചുള്ള മുടിയും കണ്ണിന്റെ നിറവുമുള്ള ദാതാവില്‍ നിന്നുള്ള ബീജമാണ് നല്‍കുന്നതെന്ന് പറഞ്ഞ് ഡോക്ടര്‍ തന്നെ തെറ്റിധരിപ്പിച്ചതായും ഷാരോണ്‍ വിശദീകരിച്ചു.
ചികിൽസയുടെ ആവശ്യങ്ങൾക്കായി ഓരോ തവണ എത്തുമ്പോഴും ഡോക്ടർ ഡേവിഡ് 100 ഡോളര്‍ വീതം കൈപ്പറ്റിയതായും ഈ തുക കോളജ് വിദ്യാർഥികളായ ബീജദാതാക്കൾക്കോ മെഡിക്കൽ വിദ്യാർത്ഥികൾക്കോ നൽകാനാണ് എന്നാണ് പറഞ്ഞിരുന്നതെന്നും പരാതിക്കാരി പറയുന്നു.
കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിച്ച ഷാരോണിന്റെ 33 കാരിയായ മകൾ ബ്രയാന ഹായേസ് ജനിതക പരിശോധനയ്ക്കായി തന്റെ ഡിഎൻഎ സാംപിൾ ഒരു വെബ്സൈറ്റിൽ നൽകിയപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സമീപ പ്രദേശങ്ങളിലായി തനിക്ക് 16 അർധ സഹോദരങ്ങൾ കൂടി ഉണ്ടെന്ന ഞെട്ടിക്കുന്ന സത്യവും ബ്രയാന മനസിലാക്കി. ഇതിനു പിന്നാലെയാണ് 34 വർഷം മുൻപ് തന്നെ ചികിൽസിച്ച ഡോക്ടർക്കെതിരെ പരാതി നൽകാൻ ഷാരോൺ തീരുമാനിച്ചത്. ഡോക്ടർക്കെതിരെ മറ്റു സ്ത്രീകളും നിയമനടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
”ഇത് വലിയൊരു സ്വത്വ പ്രതിസന്ധിയാണ്. ഇത്രയും കാലം ഇക്കാര്യം എന്നിൽ നിന്ന് മറച്ചുവെയ്ക്കപ്പെട്ടു. എന്റെ അമ്മയെ ഓർത്ത് എനിക്ക് വലിയ ദു:ഖം തോന്നുന്നു. അയാളുടെ തെറ്റായ പ്രവർത്തനങ്ങളുടെ ഒരു ഉത്പന്നമാണ് ഞാൻ എന്നറിഞ്ഞതിൽ വേദന തോന്നുന്നു”, എന്ന് ബ്രയാന പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ, തന്റെ 40 വർഷത്തെ സേവനത്തിനിടെ ഇങ്ങനെ കേൾക്കുന്നത് ആദ്യമായാണ് എന്നും താൻ ചികിൽസിച്ചവരെല്ലാം സന്തോഷത്തോടെയാണ് കഴിയുന്നത് എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം.
[ad_2]