തിയേറ്ററിൽ തിരക്കിൽ മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് സഹായവുമായി അല്ലു അർജുൻ

ഹൈദരാബാദ് : മെഗാസ്റ്റാർ അല്ലു അർജുൻ അഭിനയിച്ച പുഷ്പ 2 ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീയുടെ കുടുംബത്തിന് ധനസഹായവുമായി അല്ലു അർജുൻ.

എക്സിലൂടെയാണ് മരണപ്പെട്ട യുവതിക്ക് നടൻ അനുശോചനം പറയുകയും കുടുംബത്തിന് ധനസഹായം നല്‍കുമെന്നും അറിയിച്ചത്. ധനസഹായമായി 25 ലക്ഷം രൂപ നല്‍കുമെന്നാണ് നടൻ പറഞ്ഞത്.

ദില്‍ഷുക്നഗർ സ്വദേശി രേവതിയാണ് (39) തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ടത്. രേവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും നടൻ എക്സിലൂടെ അറിയിച്ചു. എക്സില്‍ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് നടൻ അനുശോചനം അറിയിച്ചത്.

‘സന്ധ്യ തിയേറ്ററില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ഹൃദയം തകർന്നു. ഞാൻ ആ കുടുംബത്തോട് അനുശോചനം അറിയിക്കുന്നു. വൈകാതെ ആ കുടുംബത്തെ നേരിട്ട് കാണുന്നതിനും എത്തും. ഇപ്പോള്‍ അവരുടെ അവസ്ഥ മനസിലാക്കി എല്ലാ പിന്തുണയും നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നു.
ആ കുടുംബത്തിന് എല്ലാ സഹായവും നല്‍കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കും. ഇത് അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി മാത്രമാണ്. രേവതിയുടെ ഗുരുതരമായി പരിക്കേറ്റ മകന്‍ തേജിന്‍റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണ്.’- അല്ലു അർജുൻ പറഞ്ഞു.
ബുധനാഴ്ച രാത്രി 11 മണിക്ക് പ്രീമിയര്‍ ഷോ നടക്കുന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതിക്ക് ജീവന്‍ നഷ്ടമായത്. മരിച്ച രേവതിയുടെ മകന്‍ തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രി ചികിത്സയില്‍ കഴിയുകയാണ്.

മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎന്‍എസിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി പറയുന്നത്. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിക്കുന്നത് അവസാന നിമിഷം മാത്രമായിരുന്നു.