പാലക്കാട്: പണപ്പെട്ടി വിവാദത്തിൽ തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്.
കോൺഗ്രസ് നേതൃത്വത്തിനായി ബാഗിൽ പണം എത്തിച്ചതിന് തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. ജില്ലാ പോലീസ് മേധാവിയ്ക്കാണ് അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്. തുടരന്വേഷണം ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതോടെ ആരോപണം ഉന്നയിച്ച പാലക്കാട് സിപിഎം ജില്ലാ നേതൃത്വം പ്രതിരോധത്തിൽ ആയിട്ടുണ്ട്.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച രാഹുൽ മാങ്കൂട്ടത്തിന്റെ ഇലക്ഷൻ പ്രചരണത്തിനായി കർണാടകയിൽ നിന്ന് നീല ട്രോളിയിൽ പണം എത്തിച്ചെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് കെപിഎം ഹോട്ടലിൽ റെയ്ഡ് നടത്തിയിരുന്നു. ഷാനിമോൾ ഉസ്മാൻ ബിന്ദു കൃഷ്ണ തുടങ്ങിയ വനിതാ നേതാക്കളുടെ മുറിയിൽ വനിതാ പോലീസിന്റെ സാന്നിധ്യം ഇല്ലാതെ പോലീസ് കയറി പരിശോധിച്ചത് കോൺഗ്രസ് വിവാദമാക്കിയിരുന്നു.പോലീസിന് പരിശോധനയിൽ പണം കണ്ടെത്തിയിരുന്നില്ല ഇതോടെ ഇലക്ഷൻ സമയത്ത് സിപിഎം കൊണ്ടുവന്ന ട്രോളി വിവാദം കോൺഗ്രസിന് ഗുണകരമായി മാറുകയായിരുന്നു.