ഐപിഎൽ മുംബൈയിൽ പൊട്ടിത്തെറി

ഐ പി എൽ പുതിയ സീസണിലേക്കു രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും പുറത്താക്കിയതിന്റെ പേരില്‍ വലിയ കുഴപ്പത്തിലായിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്.
ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തിരികെ വാങ്ങിയ ഹാര്‍ദിക് പാണ്ഡ്യയെ വെള്ളിയാഴ്ചയാണ് പുതിയ ക്യാപ്റ്റനായി മുംബൈ പ്രഖ്യാപിച്ചത്. ആരാധകരില്‍ നിന്നും വലിയ പ്രതിഷേഷങ്ങളാണ് ഇതിന്റെ പേരില്‍ മുംബൈ നേരിടുന്നത്.

രണ്ടു മില്ല്യണോളം പേര്‍ സോഷ്യല്‍ മീഡിയയില്‍ മുംബൈയെ അണ്‍ഫോളോ ചെയ്തു കഴിഞ്ഞു. ആരാധകര്‍ മാത്രമല്ല മുംബൈ ടീമിലെ ചില മുതിര്‍ന്ന കളിക്കാരും രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയതില്‍ അതൃപ്തരാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയില്‍ അവരുടെ പ്രതികരണങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തവുമാണ്. അതിനിടെ ആരാധകരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഹാര്‍ദിക്കിനെതിരേ മുംബൈ ബാറ്റിങിലെ സൂപ്പര്‍ ഹീറോയായ സൂര്യകുമാര്‍ യാദവ് പരസ്യമായി തന്നെ രംഗത്തു വന്നതായാണ് അഭ്യൂഹങ്ങള്‍. ഹാര്‍ദിക്കിനു കീഴില്‍ കളിക്കാന്‍ ആഗ്രഹമില്ലെന്നു ടീം മാനേജ്‌മെന്റിനു സൂര്യ കത്തയച്ചു കഴിഞ്ഞുവെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന കാര്യത്തില്‍ ഉറപ്പില്ല.

രോഹിത്തിനെ നീക്കി ഹാര്‍ദിക്കിനെ നായകസ്ഥാനമേല്‍പ്പിച്ചതില്‍ പരസ്യമായി പ്രതികരിച്ച താരങ്ങളിലൊരാള്‍ കൂടിയായിരുന്നു സ്‌കൈ. ഹൃദയം തകര്‍ന്ന ഇമോജിയായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ എത്ര മാത്രം നിരാശയും രോഷവുമുണ്ടെന്നു സൂര്യയുടെ ഈ പ്രതികരണത്തില്‍ നിന്നും വളരെ വ്യക്തവുമാണ്.

സൂര്യയെ ഇന്നു കാണുന്ന സൂപ്പര്‍ താരപദവിയിലേക്കുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള നായകനാണ് രോഹിത്. അദ്ദേഹത്തിന്റെ പിന്തുണയാണ് സൂര്യയെ മുംബൈയിലെ മിന്നും താരമാക്കി മാറ്റിയത്. ദേശീയ ടീമിലേക്കു സൂര്യയെ കൊണ്ടുവന്നതിന്റെ പിന്നിലും രോഹിത്തിനു വലിയ പങ്കുണ്ട്. ഇപ്പോള്‍ ടീം ഇന്ത്യയുടെ നായകസ്ഥാനത്തു വരെ സൂര്യ എത്തി നില്‍ക്കുകയാണ്. തുടര്‍ച്ചയായി രണ്ടു പരമ്ബരകളില്‍ അദ്ദേഹം ടീമിനെ നയിച്ചുകഴിഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്ബര ഇന്ത്യ 4-1നു സ്വന്തമാക്കിയത് സൂര്യയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. അതിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്ബര 1-1നു അവസാനിപ്പിക്കാനും സൂര്യക്കും സംഘത്തിനും സാധിച്ചു. രണ്ടു പരമ്ബരകള്‍ കൊണ്ടു തന്നെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം മികവ് തെളിയിച്ചു കഴിഞ്ഞു.

അതുകൊണ്ടു തന്നെ മുംബൈ ടീമിലും രോഹിത്തിനു ശേഷം നായകസ്ഥാനം സൂര്യ പ്രതീക്ഷിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. ഇതിനിടെയാണ് ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചുകൊണ്ടിരുന്ന ഹാര്‍ദിക്കിനെ തിരികെ കൊണ്ടു വന്ന് ടീം മാനേജ്‌മെന്റ് പുതിയ ക്യാപ്റ്റനാക്കിയത്.

സൂര്യ മാത്രമല്ല സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയ മുംബൈയുടെ തീരുമാനത്തില്‍ അതൃപ്തനാണെന്നാണ് വിവരം. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഹാര്‍ദിക്കിനെ നായകനായി പ്രഖ്യാപിച്ച ശേഷമായിരുന്നു പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തിലുള്ള ബുംറയുടെ പോസ്റ്റ്.

ഇതിനു പിന്നാലെ ബുംറയും ടീമും തമ്മില്‍ തെറ്റിയതായും ഉടന്‍ മുംബൈ വിട്ടേക്കുമെന്നുമുള്ള തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. അതിനിടെ രോഹിത്, സൂര്യ, ബുംറ ഈ മൂന്നു പേരില്‍ രണ്ടു പേര്‍ ട്രേഡ് വിന്‍ഡോയില്‍ ഉറപ്പായും മുംബൈ ടീം വിടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളിലേക്കാവും ഇവരുടെ കൂടുമാറ്റമെന്നും സൂചനകളുണ്ടായിരുന്നു. നാളെ (ചൊവ്വ) നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തിനു ശേഷം ട്രേഡ് വിന്‍ഡോ വീണ്ടും തുറക്കുകയാണ്. അതുകൊണ്ടു തന്നെ ചില താരങ്ങള്‍ മുംബൈ വിടാനുള്ള സാധ്യത ഇനിയും തള്ളാന്‍ കളിയില്ല.