ഓസ്ട്രേലിയ വിറപ്പിച്ച് ഇന്ത്യ ടി 20യിൽ ആദ്യ വിജയം

ഓസ്‌ട്രേലിയക്കെതിരാ ആദ്യ ടി20യില്‍ ഇന്ത്യ ജയിച്ചത് റെക്കോര്‍ഡോടെ. ടി20 ക്രിക്കറ്റില്‍ ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്‌കോറാണിത്.
വിശാഖപട്ടണത്ത് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. രണ്ട് വിക്കറ്റ് ജയത്തോടെ ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള പരമ്ബരയില്‍ 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു. സൂര്യകുമാര്‍ യാദവ് (80), ഇഷാന്‍ കിഷന്‍ (58) എന്നിവരുടെ ബാറ്റിംഗ് മികവും റിങ്കു സിംഗിന്റെ (14 പന്തില്‍ 22) ഫിനിഷിംഗുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഇതോടെ 2019ല്‍ ഹൈദരാബാദില്‍ വിന്‍ഡീസിനെതിരെ 208 റണ്‍സ് പിന്തുടര്‍ന്നത് രണ്ടാമതായി. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെ മൊഹാലിയില്‍ 209 റണ്‍സ് ചേസ് ചെയ്തത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2020ല്‍ ന്യൂസിലന്‍ഡിനെതിരെ ഓക്‌ലന്‍ഡില്‍ (204), 2013ല്‍ ഓസ്‌ട്രേലിയക്കെതിരെ രാജ്‌കോട്ടില്‍ (202) റണ്‍സും പിന്തുടര്‍ന്ന് ഇന്ത്യ ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇന്‍ഗ്ലിന്റെ (50 പന്തില്‍ 110) സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്.

ഓസീസിന് ഭേദപ്പട്ട തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സുള്ളപ്പോള്‍ മാത്യു ഷോര്‍ട്ടിന്റെ (13) വിക്കറ്റ് ഓസീസിന് നഷ്ടമായിരുന്നു. രവി ബിഷ്‌ണോയിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് ഇന്‍ഗ്ലിസ് – സ്മിത്ത് സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ ഗ്രൗണ്ടിന്റെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും 131 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 16-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സ്മിത്ത് റണ്ണൗട്ടായി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് ഓപ്പണറുടെ ഇന്നിംഗ്‌സ്.

അധികം വൈകാതെ ഇന്‍ഗ്ലിസ് സെഞ്ചുറി പൂര്‍ത്തിയാക്കി. പതിനെട്ടാം ഓവറിലാണ് താരം മടങ്ങുന്നത്. പ്രസിദ്ധിന്റെ പന്തില്‍ യഷസ്വി ജെയ്‌സ്വാളിന് ക്യാച്ച്‌. 50 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്‌സും 11 ഫോറും നേടിയിരുന്നു. മാര്‍കസ് സ്റ്റോയിനിസ് (19) ടിം ഡേവിഡ് (8) സഖ്യം സ്‌കോര്‍ 200 കടത്തി. ബിഷ്‌ണോയ് നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തു. പ്രസിദ്ധിന് 50 റണ്‍സും വഴങ്ങേണ്ടിവന്നു. ഇരുവരും ഓരോ വിക്കറ്റും വീഴ്ത്തി.