സൗദി ഹൈവേകളിൽ പുതിയ ട്രാഫിക് പരിഷ്കാരങ്ങൾ

ജിദ്ദ: സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായാണ് നടപടി. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി സഹായങ്ങൾ ലഭ്യമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

റോഡപകടങ്ങൾ കുറക്കുന്നതിന്റെയും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി റോഡ് സുരക്ഷാ സേനയാണ് പുതിയ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കുന്നത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തന സജ്ജമാകുന്നതോടെ റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറക്കാനും സാധിക്കും.

പുതിയ നിരീക്ഷണ സംവിധാനങ്ങൾ റിയാദിലെ ഹൈവേകളിലാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങുക. ഉയർന്ന റസലൂഷൻ കാമറകളുപയോഗിച്ച് വാഹനങ്ങളുടെ അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ എല്ലാ നിയമ ലംഘനങ്ങളും കണ്ടെത്തും. ഇങ്ങിനെ കണ്ടെത്തുന്ന നിയമലംഘനങ്ങളെ കുറിച്ച് തത്സമയം തന്നെ ഡ്രൈവർമാർക്ക് അറിയിപ്പ് നൽകുകയും ചെയ്യും.

ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനങ്ങളും നൂതന ആശയവിനിമയ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വാഹനങ്ങളും ഹൈവേകളിൽ നിരീക്ഷണത്തിനുണ്ടാകും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതോടൊപ്പം, റോഡിന്റെ അവസ്ഥകൾ തത്സമയം അറിയാനും ഈ വാഹനങ്ങളിൽ സംവിധാനമുണ്ടാകും. ഏതെങ്കിലും അപകടങ്ങളോ മറ്റു അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ വേഗത്തിൽ ഇടപെടാനും ആവശ്യമായ അറിയിപ്പുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനും സഹായകരമാകും വിധമാണ് ഈ വാഹനങ്ങൾ പ്രവർത്തിക്കുക