ദില്ലി :രാജ്യത്ത് ഇന്ന് 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. പതിനൊന്ന് വിസ്താര വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇന്ന് ഇതുവരെ 21 വിസ്താര വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.കേന്ദ്ര ഏജൻസികൾ അടക്കം അന്വേഷണം ശക്തമാക്കുമ്പോഴും വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ തുടരുകയാണ്. എയർ ഇന്ത്യ ഇൻഡിഗോ വിസ്താര വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 150 ഓളം വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. വ്യാജ സന്ദേശങ്ങൾ അയക്കുന്നവർക്ക് യാത്രാ വിലക്കേർപ്പെടുത്തുമെന്നും നിയമ ഭേദഗതിയടക്കം പരിഗണനയിലുണ്ടെന്ന് എന്നും മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ വിമാനങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ സ്കൂളുകൾക്ക് നേരെയും വ്യാജ ബോംബ് ഭീഷണി. സിആർപിഎഫ് സ്കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം. ഇമെയിലൂടെ ലഭിച്ച ഭീഷണി സന്ദേശം അന്വേഷണത്തിൽ വ്യാജമെന്ന് കണ്ടെത്തി. ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്കൂൾ മതിലിന് സമീപമായി കഴിഞ്ഞ ദിവസമാണ് സ്ഫോടനം ഉണ്ടായത് ഇതിന് പിന്നാലെയാണ് ഡൽഹിയിലെയും ഹൈദരാബാദിലെയും കൂടുതൽ സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ഭീഷണി സന്ദേശം എത്തിയത്. ഈമെയിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഭീഷണി സന്ദേശങ്ങൾ വ്യാജമെന്ന് കണ്ടെത്തി.