വസ്തുവിന്റെ അഡ്വാൻസായാണ് ദല്ലാൽ നന്ദകുമാറിൽ നിന്ന് പണം കൈപ്പറ്റിയത് ; ബിജെപിയിലേക്ക് ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച മുതിർന്ന സിപിഎം നേതാവിനൊപ്പം നന്ദകുമാർ തന്നെ വന്നു കണ്ടിരുന്നു : ശോഭ സുരേന്ദ്രൻ

ആലപ്പുഴ : ദലാൽ നന്ദകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ശോഭാസുരേന്ദ്രൻ.
ദല്ലാല്‍ നന്ദകുമാറിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാസുരേന്ദ്രൻ.തന്റെ 8 സെന്റ് സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാർ സമീപിച്ചിരുന്നു. അതിന്റെ അഡ്വാൻസ് ആയാണ് പണം നൽകിയത്. അനധികൃതമായി പണം തരാൻ ശ്രമിച്ചപ്പോൾ എസ് ബി ഐ ബാങ്ക് അക്കൗണ്ട് വഴിയാണ് താൻ പണം കൈപ്പറ്റിയത്. നാല് തവണ അദ്ദേഹത്തെ വിളിച്ചെങ്കിലും വസ്തു രജിസ്റ്റർ ചെയ്തു വാങ്ങിയില്ല.
ഭൂമി വാങ്ങാമെന്ന് പറഞ്ഞു വഞ്ചിച്ചതിനാലാണ് പണം തിരികെ നൽകാതിരുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

രണ്ടുവർഷം മുമ്പ് കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവിന് ഒപ്പം ദല്ലാൽ നന്ദകുമാർ തൃശ്ശൂർ രാമനിലയത്തിലെ തന്റെ റൂമിൽ വന്നു കണ്ടിരുന്നു. പിണറായിക്കൊപ്പം തലപ്പൊക്കമുള്ള കണ്ണൂരിലെ നേതാവിന് ബിജെപിയിലേക്ക് വരാൻ ആഗ്രഹം ഉണ്ടെന്നും അദ്ദേഹം തന്നോട് പറഞ്ഞു. അതിനായി കോടികൾ അദ്ദേഹം പ്രതിഫലമായി ചോദിക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര ഗവർണറോ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയോ ആകാൻ ആഗ്രഹമുള്ളതായി സിപിഎം നേതാവ് തന്നോട് പറഞ്ഞു. ഡൽഹിയിലെത്തിയും ചർച്ചകൾ നടന്നു. എന്നാൽ സിപിഎം ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് അദ്ദേഹം ഇതിൽനിന്ന് പിന്മാറിയത്.
ഉന്നത നേതാവ് ആരാണെന്ന് നന്ദകുമാർ വെളിപ്പെടുത്തണം അല്ലെങ്കിൽ മൂന്ന് ദിവസത്തിന് ശേഷം താൻ വെളിപ്പെടുത്തുമെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.