ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശിലെ മദ്രസ വിദ്യാഭ്യാസ നിയമം (ബോര്‍ഡ് ഓഫ് മദ്രസ എഡ്യുക്കേഷന്‍ ആക്‌ട് 2004) റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഹര്‍ജികളില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ വിശദമായി പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അഞ്ച് ഹര്‍ജികളില്‍ നോട്ടീസയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശം 17 ലക്ഷത്തോളം കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തെ ബാധിക്കുന്നതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യ നിയമത്തിലെ വ്യവസ്ഥകള്‍ മനസ്സിലാക്കുന്നതില്‍ ഹൈക്കോടതി പിഴവ് വരുത്തിയതായും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മദ്രസകളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതായിരുന്നു ആശങ്കയുണ്ടാക്കിയതെങ്കില്‍ അതിനുള്ള പ്രതിവിധി മദ്രസ നിയമം റദ്ദാക്കുകയായിരുന്നില്ല. മറിച്ച് വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാന്‍ ഉചിതമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക എന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതി പ്രഥമദൃഷ്ട്യാ നിയമത്തിലെ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിച്ചു. നിയമം ഒരു മതപരമായ നിര്‍ദേശവും നല്‍കുന്നില്ല. ചട്ടത്തിന്റെ ലക്ഷ്യവും ഉദ്ദേശ്യവും നിയന്ത്രണ സ്വഭാവമുള്ളതാണ്. ബോര്‍ഡ് സ്ഥാപിക്കുന്നത് തന്നെ മതനിരപേക്ഷതയെ ലംഘിക്കുമെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ മദ്രസ വിദ്യാഭ്യാസത്തെ ബോര്‍ഡിന്റെ നിയന്ത്രണ അധികാരങ്ങളുമായി കൂട്ടിയിണക്കിയതായി തോന്നുന്നുവെന്നും സുപ്രീംകോടതി വ്യക്തമാക്കി.