തൃശ്ശൂർ : ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീര വനിതകൾക്ക് ജന്മം നൽകിയ നാടാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
തൃശ്ശൂർ ശക്തൻ തമ്പുരാൻ മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച വനിതകളുടെ മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സിപിഎമ്മും കോൺഗ്രസും മാറിമാറി ഭരണം കയ്യാളിയെങ്കിലും പൊതുജനങ്ങൾക്ക് യാതൊരുവിധ നേട്ടങ്ങളും ഉണ്ടായില്ല.ബിജെപി സർക്കാർ കൊണ്ടുവന്ന ജനോപകാര പദ്ധതികൾ ഒന്നും സംസ്ഥാനത്ത് നടപ്പിലാക്കിയില്ല, അത് ബിജെപി സർക്കാറിനോടുള്ള എതിർപ്പ് കാരണമാണ്.
കോൺഗ്രസും കമ്മ്യൂണിസ്റ്റും ഉൾപ്പെട്ട ‘ഇന്ത്യ’ മുന്നണിയാണ് കേരളത്തിന് പുറത്ത് ബിജെപിയെ നേരിടുന്നത്. അതിലൂടെ ഇരു രാഷ്ട്രീയ പാർട്ടികളുടെയും കാപട്യം പൊതുജനങ്ങൾ തിരിച്ചറിയും.
ബിജെപി സർക്കാർ ഉജ്ജൽ യോജന പദ്ധതിയിലൂടെ പത്തു കൂടി കുടുംബങ്ങൾക്ക് ഗ്യാസ് കണക്ഷൻ നൽകി. കോടിക്കണക്കിന് ജനങ്ങൾക്ക് വെള്ളവും ശൗചാലയവും സൗജന്യമായി നൽകി. എന്നാൽ കേന്ദ്രസർക്കാന്റെ യാതൊരുവിധ പദ്ധതികളും നടപ്പിലാക്കാൻ ഇവിടെ സംസ്ഥാന സർക്കാർ ശ്രമിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലിം സ്ത്രീകൾക്കായി മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നു. അവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ സർക്കാർ കൊണ്ടുവന്നു. സ്ത്രീകൾക്ക് അധികാരം ഉറപ്പിച്ചത് ബിജെപിയാണ്. സംസ്ഥാന സർക്കാർ നേരിട്ടാണ് ഇവിടെ അഴിമതി നടത്തുന്നത് എന്നും, സ്വർണ്ണ കള്ളക്കടത്ത് നടന്നത് ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണെന്നത് പൊതുസമൂഹത്തിന് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. തൃശ്ശൂർ പൂരത്തിലെ രാഷ്ട്രീയ കളി നിർഭാഗ്യകരമാണെന്നും ശബരിമലയിലും, മറ്റ് ക്ഷേത്ര ഉത്സവങ്ങളിലും സംസ്ഥാന സർക്കാർ ലാഭം മാത്രമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതകളുടെ മഹാസമ്മേളനത്തിൽ കായിക മേഖലയിൽ നിന്ന് പിടി ഉഷ, ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ മിന്നുമണി, ഗായിക വൈക്കം വിജയലക്ഷ്മി, വനിതാ സംരംഭക ബീന കണ്ണൻ, പെൻഷൻ നൽകാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ പിച്ചച്ചട്ടിയുമായി പ്രതിഷേധം നടത്തിയ മറിയക്കുട്ടി തുടങ്ങിയവർ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടു.
Next Post