ദില്ലി : അദാനിക്കെതിരായ ഹിഡെൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല.
സ്വതന്ത്ര അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കഴിഞ്ഞ നവംബറിൽ വാദം പൂർത്തിയായ കേസിലാണ് വിധി.
ഹർജിക്കാർ സെബിയുടെ അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും സെബിയുടെ ചട്ടക്കൂടിൽ നിയമപരമായി ഇടപെടാൻ പരിമിതി ഉണ്ടെന്നറിയിച്ച കോടതി സെബിയുടെ അന്വേഷണത്തിൽ സംശയം പ്രകടിപ്പിക്കാൻ ആവില്ലന്നും വ്യക്തമാക്കി. നിലവിലെ സെബിയുടെ അന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിച്ചു.
2023 ജനുവരി 24-നാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. ലോക സമ്പന്നൻമാരുടെ പട്ടികയിൽ അദാനി പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.