പ്രതിഷേധങ്ങൾക്കിടയിലും പാർലമെന്റ് സമ്മേളനം തുടരുന്നു

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം തുടരുന്നു. ജനകീയ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാൻ കോണ്‍ഗ്രസ് ഇന്നലെ ചേര്‍ന്ന പാര്‍ലമെന്ററി സ്ട്രാറ്റജി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിനെ സംബന്ധിച്ച രണ്ട് സുപ്രധാന ബില്ലുകള്‍ ഇന്ന് ലോക്സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും.

ഏറെക്കാലത്തിന് ശേഷമാണ് വലിയ പ്രതിഷേധങ്ങളില്ലാതെ പാര്‍ലമെൻ്റ് സമ്മേളിക്കുന്നത്. ഇന്നലെ സഭ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും നടപടിക്രമങ്ങള്‍ പ്രതിപക്ഷ സഹകരണത്തോടെ പൂര്‍ത്തിയാക്കാൻ സര്‍ക്കാരിന് സാധിച്ചു. എന്നാല്‍ കൂടുതല്‍ ജനകീയവിഷയങ്ങള്‍ ഇൻഡ്യ മുന്നണിയുടെ ഭാഗമായി ഉന്നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്നലെ വൈകീട്ട് സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെൻ്ററി സ്ട്രാറ്റജി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

ജമ്മു കശ്മീര്‍ റിസര്‍വേഷൻ ഭേദഗതി ബില്‍, ജമ്മു കശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ എന്നിവയാണ് ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിക്കുക. ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവി എടുത്തുമാറ്റി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ പുനഃസംഘടനാ ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഒരുപക്ഷേ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിയമനിര്‍മാണം മാറ്റങ്ങള്‍ കൊണ്ടുവന്നേക്കാം.