ഉത്തരകാശി രക്ഷാദൗത്യം: ടിവി ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

ന്യൂദൽഹി :ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉദ്വേഗജനകമെന്ന നിലയില്‍ അവതരിപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം.
രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന തുരങ്കത്തിനു സമീപത്തുനിന്ന് തത്സമയ ദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ ഏജന്‍സികള്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അവര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ക്യാമറ കൈകാര്യം ചെയ്യുന്നവരും റിപ്പോര്‍ട്ടര്‍മാരും ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിച്ച തുരങ്കഭാഗത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മനോവീര്യം നിലനിര്‍ത്താന്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. രക്ഷയ്‌ക്കായുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു. 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അശ്രാന്ത പരിശ്രമത്തിലാണ്. നിരവധി ജീവനുകള്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് തുരങ്കത്തിനു സമീപം നടക്കുന്നത്.

രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തിന് മീപം ക്യാമറകളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ച്‌ ടിവി ചാനലുകള്‍ ദൃശ്യങ്ങളും മറ്റ് ചിത്രങ്ങളും സംപ്രേഷണം ചെയ്യാന്‍ ശ്രമിക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ഈ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്ബോള്‍, പ്രത്യേകിച്ച്‌ തലക്കെട്ടുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ പുറത്തുവിടുമ്ബോള്‍ ജാഗ്രതയും സംവേദനക്ഷമതയും പുലര്‍ത്തണമെന്നും പ്രവര്‍ത്തനങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവം, കുടുംബാംഗങ്ങളുടെയും അതുപോലെ പ്രേക്ഷകരുടെയും മാനസികാവസ്ഥ എന്നിവയെക്കുറിച്ചു ശ്രദ്ധിക്കണമെന്നും മന്ത്രാലയം ടിവി ചാനലുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.