ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയായി മാറിയത് ബി ജെ പിയെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് സംസാഥന ഉപമുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാര്‍
2024 കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ് നടപ്പിലാക്കുന്ന ജനസേവന പദ്ധതികള്‍ നിര്‍ത്തലാക്കാന്‍ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ തിരഞ്ഞെടുപ്പ് ഉറപ്പുകള്‍ രാജ്യത്തിനാകെ മാതൃകയായി. കേന്ദ്രത്തില്‍ ബി ജെ പി വീണ്ടും അധികാരത്തില്‍ വന്നാല്‍, ഞങ്ങളുടെ ഉറപ്പുകള്‍ നിരോധിക്കാൻ നിയമം കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെ ശിവകുമാര്‍ പറഞ്ഞു.
സംസ്ഥാന ഖജനാവ് നഷ്ടത്തിലാകുമെന്ന അവകാശപ്പെട്ട് ബി ജെ പി പദ്ധതികളെ എതിര്‍ത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സമാനമായ പദ്ധതികള്‍ ബി ജെ പിയടക്കം വാഗ്ദാനം ചെയ്യുകയാണെന്നും ശിവകുമാര്‍ പറഞ്ഞു. “ഇപ്പോള്‍, ബി ജെ പി പോലും മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാര്‍ക്ക് സമാനമായ ഉറപ്പുകള്‍ വാഗ്ദാനം ചെയ്യാൻ തിരക്കുകൂട്ടുകയാണെന്ന് എല്ലാവരേയും ഞാന്‍ ഓര്‍മ്മപ്പെടുത്തുന്നു. നേരത്തെ പറഞ്ഞത് അല്ല, അവര്‍ ഇന്ന് പ്രാവര്‍ത്തികമാക്കുന്നത്,” അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ കണക്കെടുക്കുന്നതിനായി കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപക ദിനമായ നവംബര്‍ 28 മുതല്‍ ജനസമ്ബര്‍ക്ക പരിപാടികള്‍ നടത്താൻ മുൻ എംപിമാരുടെയും മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ഒരു കമ്മിറ്റി രൂപീകരിക്കാൻ പാര്‍ട്ടി തീരുമാനിച്ചതായും ശിവകുമാര്‍ വ്യക്തമാക്കി.
ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം വീടുവീടാന്തരം കയറിയിറങ്ങി ഗുണഭോക്താക്കളെ കണ്ട് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. “ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും എന്തെങ്കിലും ഉണ്ടെങ്കില്‍, ഗ്യാരണ്ടികള്‍ കൂടുതല്‍ ഫലപ്രദമായി ആളുകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ സ്വാധിക്കും.” അദ്ദേഹം പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് നോട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 സീറ്റുകളില്‍ 20ലും വിജയിക്കുയെന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. 2024 ലെ തിരഞ്ഞെടുപ്പില്‍, കുറഞ്ഞത് 12-15 പുതുമുഖങ്ങളെയെങ്കിലും കോണ്‍ഗ്രസ് രംഗത്തിറക്കാന്‍ സാധ്യതയുണ്ട്.