പൊഴി ഇന്ന് മുറിക്കും : സംഘർഷാവസ്ഥയ്ക്ക് സാധ്യത

തിരുവനന്തപുരം : മുതലപ്പൊഴിയിൽ പൊഴി മുറിക്കാനുള്ള സർക്കാർ തീരുമാനം ഇന്ന് നടപ്പിലാക്കും.മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മത്സ്യ തൊഴിലാളിയുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെടുകയായിരുന്നു.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് പൊഴി മുറിക്കുന്നത്. 5 പഞ്ചായത്തുകളെ ബാധിക്കും എന്നതിനാലാണ് സർക്കാർ തീരുമാനമെടുത്തത്. പ്രതിഷേധമുണ്ടായാൽ ദുരന്തനിവാരണ നിയമം പ്രകാരം അറസ്റ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾ കൊല്ലം ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തണം എന്നുള്ള നിർദ്ദേശവും മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾ തള്ളിയിരുന്നു.
ഡ്രജിങ് ഖനനം മൂലം അടിഞ്ഞുകൂടിയ മണൽ അവിടെ നിന്നും മാറ്റണമെന്നാണ് മത്സ്യത്തൊഴിലാളികൾ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യം.എന്നാൽ സർക്കാർ ഇതിലൊരു അനുകൂല നിലപാട് സ്വീകരിക്കാൻ തയ്യാറാവുന്നില്ലെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
അതേസമയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് ഫാദർ യൂജിൻ പേരേ രൂക്ഷമായി വിമർശിച്ചു.
കോർപ്പറേറ്റുകളോട് ചങ്ങാത്തം സ്വീകരിക്കുന്ന നിലപാട് സർക്കാർ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളെ കൊല്ലത്തേക്ക് കൊണ്ടുപോകുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. മുൻപ് മത്സ്യത്തൊഴിലാളികൾ തമ്മിൽ കൊല്ലത്ത് സംഘർഷം നടന്നിരുന്നു. ഇനി അതുപോലുള്ള സാഹചര്യം സൃഷ്ടിക്കാൻ സാഹചര്യം ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.