കൊല്ലം : ടി.കെ ദിവാകരന്‍ സ്മാരക പാര്‍ക്കിൽ റെസ്റ്റോറന്‍റ് ആരംഭിക്കാന്‍ കരാര്‍ നല്‍കിയ നഗരസഭാധികൃതരുടെ നടപടിയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ടി.കെ. ദിവാകരന്‍ സ്മാരക പാര്‍ക്കിലെത്തി നിജസ്ഥിതി വിലയിരുത്തിയ ശേഷമാണ് അദ്ദേഹം പ്രതികരണം നടത്തിയത് . കേരളം ആദരിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ സമുന്നത നേതാവ്, കൊല്ലത്തിന്‍റെ വികസനോന്മുഖ പ്രക്രിയയില്‍ നിസ്തൂല സംഭാവന നല്‍കിയ ടി.കെ. ദിവാകരന്‍റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന സ്ഥലത്താണ് പ്രതിദിനം 288 രൂപ വാടകയ്ക്ക് ഹോട്ടല്‍ വ്യാപാരം നടത്താന്‍ കൊല്ലം കോര്‍പ്പറേഷന്‍ കരാര്‍ നല്‍കിയത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേരിലുള്ള സ്മാരക പാര്‍ക്കും വയോജന പാര്‍ക്കും ടി.കെ. സ്മാരക പാര്‍ക്കും ചേര്‍ത്താണ് വ്യാപാരാവശ്യത്തിനായി 3 വര്‍ഷത്തേക്ക് പാട്ടക്കരാര്‍ നല്‍കിയിട്ടുള്ളത്. സാമ്പത്തികലാഭത്തിനായി ചരിത്ര പുരുഷന്മാരെപ്പോലും തമസ്കരിക്കുന്ന കൊല്ലം കോര്‍പ്പറേഷന്‍റെ നടപടി നാടിനാകെ അപമാനമാണെന്നും പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. കോര്‍പ്പറേഷന്‍ നല്‍കിയിട്ടുള്ള കരാര്‍ നിയമങ്ങളുടെയും ചട്ടങ്ങളുടേയും നഗ്നമായ ലംഘനമാണിത്.
ടി.കെ. ദിവാകരന്‍ സ്മാരക പാര്‍ക്കില്‍ കോര്‍പ്പറേഷന് യാതൊരു വിധ ഉടമസ്ഥാവകാശവുമില്ലെന്നിരിക്കെ ഏത് വ്യവസ്ഥയിലാണ് പാര്‍ക്ക് സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കിയതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വിശദീകരിക്കണം. 1980 ലെ യു.ഡി.എഫ് ഗവണ്‍മെന്‍റിന്‍റെ കാലയളവില്‍ പാര്‍ക്കിന്‍റെ സംരക്ഷണ ചുമതല മാത്രമാണ് സര്‍ക്കാര്‍, നഗരസഭയെ ഏല്‍പ്പിച്ചത്. ഇതിനായി അന്നത്തെ ഗവണ്‍മെന്‍റ് വാച്ചറുടേയും തോട്ടക്കാരന്‍റെയും രണ്ട് പുതിയ തസ്തികകളും സൃഷ്ടിച്ചു നല്‍കിയിരുന്നു. കൊല്ലം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന മന്ത്രി ടി.കെ. ദിവാകരന്‍റെ സ്മരണാര്‍ത്ഥം ആര്‍.എസ്.പി യും സ്മാരക ട്രസ്റ്റും മുന്‍കൈയ്യെടുത്ത് നിര്‍മ്മിച്ച പാര്‍ക്കിന്‍റെ പരിപാലന ചുമതല നിര്‍വ്വഹിക്കുന്നതിനു പകരം പാര്‍ക്കും സ്മാരകവും പാട്ടത്തിനു കൊടുത്ത് പണം ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമത്തിനു പിന്നില്‍ കൊടിയ അഴിമതിയുണ്ടെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഈ മുഴുവന്‍ നടപടികളെയും സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
എം.പി യോടൊപ്പം ആര്‍.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാല്‍, യു.റ്റി.യു.സി സംസ്ഥാന സെക്രട്ടറി റ്റി.സി. വിജയന്‍, യു.റ്റി.യു.സി ജില്ലാ സെക്രട്ടറി റ്റി.കെ. സുല്‍ഫി, പ്രസിഡന്‍റ് ഇടവനശ്ശേരി സുരേന്ദ്രന്‍, ആര്‍. സുനില്‍, റാം മോഹന്‍, ബിജു ലക്ഷ്മികാന്തന്‍, സദു പള്ളിത്തോട്ടം, ജെ. വേണുഗോപാല്‍, തൃദീപ് കുമാര്‍, ശ്രീകുമാര്‍, സുരേഷ്, അമ്പിളി എന്നിവരുണ്ടായിരുന്നു.