സിപിഎം ജില്ലാ സെക്രട്ടറിയുടെ മരുമകനെതിരെയുള്ള പരാതി പൂഴ്ത്തി റവന്യൂ വകുപ്പ്.

ഇടുക്കി : അനധികൃത ഖനനം നടത്തിയ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ മരുമകൻ കെ എസ് സജിത്തിന് എതിരെ ഉപ്പുതോട് വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ട് ആണ് ഇടുക്കി താലൂക്ക് ഓഫീസ് പൂഴ്ത്തിയത്.
റോഡ് നിർമ്മാണത്തിന്റെ മറവിൽ പുറമ്പോക്ക് ഭൂമിയിൽ നിന്ന് പാറ പൊട്ടിച്ച് കടത്തിയതിനെതിരെയാണ് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയത്. 2023 ൽ കെഎൽസി നിയമപ്രകാരം സജിത്തിനെതിരെ നടപടിയെടുക്കാനായാണ് വില്ലേജ് ഓഫീസർ താലൂക്കിൽ റിപ്പോർട്ട് സമർപ്പിച്ചത്. ആ റിപ്പോർട്ടാണ് രണ്ടുവർഷം കഴിഞ്ഞിട്ടും പുറംലോകം കാണാതെ താലൂക്ക് ഓഫീസ് പൂഴ്ത്തി വെച്ചത്.
ഖനനത്തിന് അനുമതിയില്ലാത്ത റോഡ് വികസനത്തിന്റെ പേരിൽ ഇടുക്കി ജില്ലയിലെ മലയോരമേഖലയിൽ നടക്കുന്നത് കോടികളുടെ അനധികൃത ഖനനമാണ്.ജില്ലയിൽ തങ്കമണി, ഉപ്പുതോട്, കാഞ്ചിയാർ, കട്ടപ്പന, ചതുരംഗപ്പാറ, പാറത്തോട്, വാഗമൺ, ഏലപ്പാറ തുടങ്ങിയ വില്ലേജുകളുടെ പരിധിയിലാണ് സർക്കാർ പുറമ്പോക്കുകളിൽ അനധികൃത ഖനനം നടന്നത്. ഒരിടത്തും നടപടിയെടുത്തിട്ടില്ല.
അനധികൃത പ്രവർത്തനത്തിന് എതിരെ പരാതി കൊടുക്കുന്നവർ പേടി കാരണം പേര് വിവരങ്ങൾ മറച്ചു വയ്ക്കുകയാണ്.
ഭരണ പ്രതിപക്ഷ ഉദ്യോഗസ്ഥ സംഘത്തിന്റെ ഒത്താശയോടെയാണ് അനധികൃത ഖനനം നടക്കുന്നതെന്ന പ്രദേശവാസികളുടെ ആരോപണം നിലനിൽക്കവെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത് .