കൊല്ലം : മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു.
ഇന്ന് പുലർച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നിലവിൽ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവും വീക്ഷണം പത്രത്തിന്റെ മാനേജിംഗ് എഡിറ്ററുമാണ്.
പി.എന്‍.രാഘവന്‍പിള്ളയുടെയും കെ.ഭാര്‍ഗവിയമ്മയുടെയും മകനായി 1949 ല്‍ കൊല്ലത്തെ ശൂരനാട്ടായിരുന്നു ജനനം. കൊല്ലം ശാസ്താംകോട്ട ഡി.ബി കോളേജില്‍ കേരള വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെ.എസ്.യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.
സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ നടക്കും. പൊതുദർശനം ഉണ്ടായിരിക്കില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.