മധുര : സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുത്തു.
ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരളത്തിലേക്ക് എം എ ബേബി യിലൂടെ വീണ്ടും എത്തുകയാണ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പദവി.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രവേശിച്ച ബേബി അടിയന്തരാവസ്ഥക്കാലത്തു പാർട്ടി പ്രവർത്തനം നടത്തിയതിന്റെ പേരിൽ കൊടിയ മർദ്ദനവും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ദീർഘകാലം സിപിഎമ്മിന്റെ മുഖമായി ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിയ എം എ ബേബി 32-ആം വയസ്സിൽ രാജ്യസഭാംഗമായി. രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആൾക്കാരിൽ ഒരാളാണ്.
1974 ൽ കേന്ദ്ര എക്സിക്യൂട്ടീവ് അംഗംമായി ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിച്ച ബേബി 1979 എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആയി. തുടർന്ന് 1983 ൽ ഡി.വൈ.എഫ്.ഐ യുടെ അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറിയും 1987 ൽ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റുമായി.1989 സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ബേബി 2012ൽ പോളിംഗ് ബ്യൂറോ അംഗമായി.
രാഷ്ട്രീയ ജീവിതത്തിൽ കൂടുതൽ കാലം ഡൽഹി കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഇതുതന്നെയായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ അനുകൂല ഘടകവും.
കൊല്ലം പ്രാക്കുളത്തു അദ്ധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവനായി 1954 ഏപ്രിൽ 5 ന് ജനിച്ച എം എ ബേബി പ്രാക്കുളം എൻ.എസ്.എസ്. ഹൈസ്കൂൾ, കൊല്ലം എസ്.എൻ.കോളജ് എന്നിവിടുങ്ങളിലായിരുന്നു വിദ്യാഭ്യാസം
കൈരളി ടി.വിയിൽ ഉദ്യോഗസ്ഥയായ ബെറ്റി ലൂയിസ് ആണ് ഭാര്യ. മകൻ: അശോക്