ന്യൂഡൽഹി: പ്രതിപക്ഷ – മുസ്ലിം സംഘടനകളുടെ എതിർപ്പിനിടെ വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക. ബില്ലിൽ എട്ട് മണിക്കൂർ ചർച്ച നടക്കും. അതേസമയം, കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകുമെന്ന് ഭരണപക്ഷം അറിയിച്ചു. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാവൽ വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ലന്നാണ് ആദ്യം അറിയിച്ചത്. പോളി ബ്യൂറോ നിർദ്ദേശം നൽകിയതോടെ ഇടതുപക്ഷ എംപിമാർ ചർച്ചയിൽ പങ്കെടുക്കും.
ഭരണപക്ഷ എംപിമാരുടെ നിർദ്ദേശങ്ങൾ മാത്രം ഉൾപ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് ചർച്ചയ്ക്ക് വരിക.
ചർച്ചക്ക് ശേഷം ബിൽ പാസാക്കും. പ്രതിപക്ഷം എതിർത്താലും ബിൽ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാൽ സർക്കാരിന് ആശങ്കയില്ല. ബിൽ ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം കേന്ദ്രം തള്ളി. കെസിബിസിയും സിബിസിഐയുമൊക്കെ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത് കേന്ദ്രത്തിന് ആശ്വാസം നൽകുന്നതാണ്. അതേസമയം, എൻഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും,ടിഡിപിയും പരസ്യമായി നിലപാടറിയിച്ചിട്ടില്ല. ബില്ല് പാർലമെന്റിലെത്തുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്.
വഖഫ് ബില്ലിനെ എതിർക്കുക തന്നെ ചെയ്യുമെന്നാണ് അർത്ഥശങ്കയിടയില്ലാത്ത വിധം ഇന്ത്യ സഖ്യം വ്യക്തമാക്കുന്നത്.