കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കാൻ ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതി

തിരുവനന്തപുരം : കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, മറ്റ് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ തുടങ്ങി മുഴുവൻ ജനവിഭാഗങ്ങളുടെയും സഹകരണത്തോടെ കടലും, തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ‘ശുചിത്വ സാഗരം സുന്ദര തീരം’ എന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കും.

സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. 2022 ജൂൺ മാസം 8 ന് സംസ്ഥാനതല ഉദ്ഘാടനത്തോടുടകൂടി ഒന്നാംഘട്ടമായ ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു. സെമിനാറുകൾ, ബിറ്റ് നോട്ടീസുകൾ, ബ്രോഷറുകൾ, കലാപരിപാടികൾ, റോഡ് ഷോകൾ, ബൈക്ക് റാലികൾ, മെഴുകുതിരി ജാഥ, കടലോര നടത്തം, കുടുംബയോഗങ്ങൾ, വിദ്യാർത്ഥികൾക്കുള്ള ക്വിസ്സ് മത്സരങ്ങൾ, ചിത്രരചനാ മത്സരങ്ങൾ, സോഷ്യൽമീഡിയ, എഫ്. എം. റേഡിയോ വഴിയുള്ള പ്രചരണം എന്നിവയാണ് പ്രധാന ബോധവല്ക്കരണ പരിപാടികൾ.

ഒരു ദിവസം നീണ്ടുനില്ക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവുമാണ് രണ്ടാം ഘട്ടത്തിൽ നടക്കുന്നത്. 590 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന കേരളത്തിന്റെ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് 2025 ഏപ്രിൽ 11 ന് ഏകദിന പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്റർവീതം അടയാളപ്പെടുത്തി, ഓരോ കിലോമീറ്ററിലും ഈ പ്രവർത്തനങ്ങൾ നടത്തുന്നതിന് 25 സന്നദ്ധ പ്രവർത്തകർ വീതം ഉൾപ്പെടുന്ന 483 ആക്ഷൻഗ്രൂപ്പുകളെ സജ്ജമാക്കും. ഓരോ ആക്ഷൻഗ്രൂപ്പുകളും ശേഖരിയ്ക്കന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് അതാത് ആക്ഷൻ കേന്ദ്രങ്ങളിൽ സംഭരിക്കുകയും ക്ലീൻകേരള കമ്പനി, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുടെ ചുമതലയിൽ ഷ്രെഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്കരിക്കും. തുടർന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് ജനസാന്ദ്രതയുള്ള തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ 1200 ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും.

ഹാർബറുകൾ കേന്ദ്രീകരിച്ച് കടലിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണവും, പുനരുപയോഗവും, തുടർക്യാമ്പയിനും ആണ് മൂന്നാം ഘട്ടത്തിൽ സംഘടിപ്പിക്കുന്നത്.