പുതിയ സാമ്പത്തിക വർഷത്തിൽ 900 മരുന്നുകളുടെ വില കൂടി

ദില്ലി: 2025 ലെ സാമ്പത്തിക വർഷത്തിൽ ഭാരതത്തിലേ നികുതി ഘടന മുതല്‍ ബാങ്കുകളിലെ മിനിമം ബാലന്‍സ് വരേയുള്ള നിരവധി കാര്യങ്ങളിലാണ് മാറ്റം വന്നിരിക്കുന്നത്.
സാധരണക്കാരുടെ ജീവിതത്തെ അനുകൂലമായും പ്രതികൂലിക്കുന്നതുമായി നിരവധി മാറ്റങ്ങള്‍ക്കാണ് ഏപ്രില്‍ ഒന്ന് മുതല്‍ തുടക്കം കുറിച്ചിരിക്കുന്നത്. പ്രതികൂലമായവയില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം 900 ത്തോളം അവശ്യ മരുന്നുകളുടെ വിലയിലെ വർധനവാണ്
നാഷണല്‍ ഫാർമസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എൻ‌ പി‌ പി‌ എ) ഏപ്രില്‍ 1 മുതല്‍ 900-ലധികം അവശ്യ മരുന്നുകളുടെ വിലയില്‍ 1.74 ശതമാനം വരെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുതരമായ അണുബാധകള്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകളും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് ശ്രദ്ധേയം.

“2013 ലെ മരുന്ന് (വില നിയന്ത്രണ) ഉത്തരവിലെ (DPCO, 2013) വ്യവസ്ഥകള്‍ പ്രകാരം, ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ മൊത്തവില പരിധി സൂചിക (WPI) (എല്ലാ ഉല്‍പ്പന്നങ്ങളും) അടിസ്ഥാനമാക്കി വർഷം തോറും പരിഷ്കരിക്കുന്നു. 2024-25 സാമ്ബത്തിക വർഷത്തേക്കുള്ള ഷെഡ്യൂള്‍ ചെയ്ത മരുന്നുകളുടെ പരിധി വില 0.00551 ശതമാനം വർദ്ധിപ്പിച്ചു. 2013 ലെ DPCO യുടെ ഖണ്ഡിക 2(1)(u) ല്‍ നിർവചിച്ചിരിക്കുന്നതുപോലെ, പുതിയ മരുന്നുകളുടെ ചില്ലറ വില്‍പ്പന വിലയും എൻ‌ പി‌ പി‌ എ നിശ്ചയിക്കുന്നു,” എന്നാണ് കെമിക്കല്‍സ് ആൻഡ് ഫെർട്ടിലൈസേഴ്സ് സഹമന്ത്രി അനുപ്രിയ പട്ടേല്‍ കഴിഞ്ഞ ദിവസം പാർലമെന്റില്‍ രേഖാമൂലം വ്യക്തമാക്കിയത്

പുതിയ വിലനിലവാരം അനുസരിച്ച്‌ 250mg, 500mg ആന്റിബയോട്ടിക് അസിത്രോമൈസിന്റെ ഒരു ടാബ്‌ലെറ്റിന്റെ പരമാവധി വില യഥാക്രമം 11.87 രൂപയും 23.98 രൂപയുമായിരിക്കും. അമോക്സിസില്ലിൻ, ക്ലാവുലാനിക് ആസിഡ് എന്നിവ അടങ്ങിയ ഡ്രൈ സിറപ്പുകളുടെ വില മില്ലി ലിറ്ററിന് 2.09 രൂപയുമായി നിശ്ചയിച്ചിട്ടുണ്ട്.

ഡൈക്ലോഫെനാക് (വേദനസംഹാരി) ഒരു ടാബ്‌ലെറ്റിന് പരമാവധി വില 2.09 രൂപ, ഇബുപ്രോഫെൻ (വേദനസംഹാരി) 200 മില്ലിഗ്രാം – ഒരു ടാബ്‌ലെറ്റിന് 0.72 രൂപ, 400 മില്ലിഗ്രാം – ഒരു ടാബ്‌ലെറ്റിന് 1.22 രൂപ, പ്രമേഹ മരുന്ന് (ഡാപാഗ്ലിഫ്ലോസിൻ + മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് + ഗ്ലിമെപിറൈഡ്) ഒരു ടാബ്‌ലെറ്റിന് ഏകദേശം 12.74 രൂപ എന്നിങ്ങനെയാണ് വർധനവ്.

അസൈക്ലോവിർ (ആന്റിവൈറല്‍) – 200 മില്ലിഗ്രാം: ഒരു ടാബ്‌ലെറ്റിന് 7.74 രൂപ, – 400 മില്ലിഗ്രാം: ഒരു ടാബ്‌ലെറ്റിന് 13.90 രൂപ, ഹൈഡ്രോക്സിക്ലോറോക്വിൻ (ആന്റിമലേറിയ) – 200 മില്ലിഗ്രാം: ഒരു ടാബ്‌ലെറ്റിന് 6.47 രൂപ. 400 മില്ലിഗ്രാം: ഒരു ടാബ്‌ലെറ്റിന് 14.04. രൂപ എന്നിങ്ങനേയും വില നല്‍കേണ്ടി വരും. മൊത്തവില പരിധി സൂചിക അനുസരിച്ച്‌ മരുന്ന് നിർമ്മാതാക്കള്‍ക്ക് ഈ ഫോർമുലേഷനുകളുടെ പരമാവധി ചില്ലറ വില്‍പ്പന വില കേന്ദ്രത്തിന്റെ മുൻകൂർ അനുമതി ആവശ്യമില്ലാതെ തന്നെ വർധിപ്പിക്കാനും കഴിയും