പൊങ്കാല :കഠിനമായ ചൂട്: എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം :ചൂട് വളരെ കൂടുതലായതിനാൽ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അന്തരീക്ഷ താപനില കൂടുതലായതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ചൂട് വർധിച്ചതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. സുസജ്ജമായ മെഡിക്കൽ ടീമുകൾക്ക് പുറമേ ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. ഇതുകൂടാതെ ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.