തൃശൂർ : മെയ് ആറിന് നടക്കുന്ന ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൂരത്തിന് മുൻപ് സുരക്ഷ ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും, ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.
പൂരം എക്സിബിഷന് വടക്കുംനാഥ ക്ഷേത്ര മൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തറവാടക പ്രശ്‌നം രമ്യമായി പരിഹരിക്കാൻ അദ്ദേഹം ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. നേരത്തെ മുന്നോട്ടുവെച്ച ഒത്തുതീർപ്പ് വ്യവസ്ഥ കൊച്ചിൽ ദേവസ്വം ബോർഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കണം.
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്തണം. സുരക്ഷാ മുൻകരുതലുകൾ, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണ സംവിധാനം ഉറപ്പാക്കണം. പൂരം ദിവസങ്ങളിൽ വെടിക്കെട്ടു നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും എക്സ്പ്ലോസിവ് നടപടികളും സ്വീകരിക്കണം. ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ പോലീസുമായി ചേർന്ന് ഒരുക്കണം. കഴിഞ്ഞ വർഷം ഉയർന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വർഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണം. ഉത്സവം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം.
അഗ്നിരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാ ഉപകരണങ്ങളും വിന്യസിക്കണം. അപകട സാധ്യതകൾ മുൻകൂട്ടിക്കണ്ട് പൂരത്തിന് മുൻപ് മോക് ഡ്രിൽ നടത്തി കരുതൽ നടപടികൾ സ്വീകരിക്കണം.
കഴിഞ്ഞ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ സംഘാടനത്തിൽ പാളിച്ചകൾ ഉണ്ടായതായി പരാതികൾ ഉയർന്നിരുന്നു. ഇത്തവണ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, റവന്യു പ്രിൻസിപ്പൾ സെക്രട്ടറി ടിങ്കു ബിസ്വാൾ, സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, ഇൻ്റലിജൻസ് മേധാവി പി. വിജയൻ, വനം വകുപ്പ് മേധാവി ഗംഗാ സിംഗ്, തൃശൂർ എം.എൽ.എ. പി. ബാലചന്ദ്രൻ, തൃശൂർ മേയർ എം.കെ. വർഗ്ഗീസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ, കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.