കൊല്ലം കോർപ്പറേഷൻ സിപിഐ ഭരിക്കും

കൊല്ലം: കോർപ്പറേഷന്റെ പുതിയ മേയറായി സിപിഐയുടെ ഹണി ബെഞ്ചമിനെ തിരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയറുടെ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ് ജയനും വിജയിച്ചു. വള്ളിക്കീഴ് ഡിവിഷൻ കൗൺസിലറാണ് ജയൻ.
മേയർ, ഡെപ്യൂട്ടി മേയർ എന്നിവർ ധാരണ പ്രകാരം രാജിവെച്ച് ഒഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.
ബിജെപി വിട്ടുനിന്ന തിരഞ്ഞെടുപ്പിൽ 37 വോട്ട് ഹണി ബഞ്ചമിന് ലഭിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയായ സുമിക്ക് എട്ട് വോട്ടുകളാണ് ലഭിച്ചത്.
സിപിഐഎം – സിപിഐ തർക്കങ്ങൾക്ക് പിന്നാലെയായിരുന്നു പ്രസന്നയുടെ രാജി. എൽഡിഎഫിലെ മുൻധാരണ പ്രകാരം ഭരണസമിതിയുടെ അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐയ്ക്ക് ലഭിക്കേണ്ടതായിരുന്നു. ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും മേയര്‍ സ്ഥാനം സിപിഐഎം പ്രതിനിധി പ്രസന്ന ഏണസ്റ്റ് ഒഴിയാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ സിപിഐ പ്രതിഷേധം ശക്തമാക്കിയിരുന്നു.