തിരുവനന്തപുരം : ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് പാലക്കാട്ടെ പട്ടാമ്പി, കോഴിക്കോട്ടെ മുക്കം, കൊടുവള്ളി, പയ്യോളി, ഫറോക്ക്, കണ്ണൂരിലെ പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റികളിലെയും കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്തിലെയും വാർഡുവിഭജനം സംബന്ധിച്ച് പരാതിക്കാരെ നേരിൽകേൾക്കാൻ ഡീലിമിറ്റേഷൻ കമ്മീഷൻ തീരുമാനിച്ചതായി കമ്മീഷൻ ചെയർമാൻ എ. ഷാജഹാൻ അറിയിച്ചു.
ഈ തദ്ദേശസ്ഥാപനങ്ങളിലെ കരട് വാർഡുവിഭജന നിർദ്ദേശങ്ങളിൽ പരാതി നൽകിയവരെ മാർച്ച് ഏഴിന് രാവിലെ 10 മണി മുതൽ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലാണ് കമ്മീഷൻ നേരിൽ കേൾക്കുക.
സംസ്ഥാനത്തെ മറ്റ് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷനുകളിലെ വാർഡുവിഭജന പരാതികളിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലകളിൽ നടത്തിയ പബ്ലിക് ഹിയറിംഗ് ഫെബ്രുവരി 22ന് പൂർത്തിയായിരുന്നു.
ജനുവരി 16ന് പത്തനംതിട്ടയിൽ ആരംഭിച്ച ഹിയറിംഗ് പതിനാല് ജില്ലകളിലായി പതിനേഴ് ദിവസം നീണ്ടു. കൂടുതൽ പരാതിക്കാരുണ്ടായിരുന്ന മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ രണ്ട് ദിവസവും മറ്റ് ജില്ലകളിൽ ഓരോ ദിവസവുമായിരുന്നു ഹിയറിംഗ്.
ഹിയറിംഗിന് ഹാജരായ മുഴുവൻ പരാതിക്കാരെയും നേരിൽ കേട്ടു. പരാതികൾ പരിശോധിച്ച് ഡീലിമിറ്റേഷൻ കമ്മീഷൻ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും. തുടർന്ന് രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നാം ഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളുടെയും വാർഡുവിഭജനം നടത്തും.