വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ ; പ്രതി പിടിയിൽ

ചെങ്ങന്നൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിലെ പ്രതിയെ വെണ്മണി പോലീസ് അറസ്റ്റ് ചെയ്തു.
ചെറിയനാട് കൊല്ലകടവ് കവലയ്ക്കൽ വീട്ടിൽ ഷഫീക് കബീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മാവേലിക്കര തഴക്കര സ്വദേശിയുടെ മകന് വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു ഏഴ് ലക്ഷത്തി അമ്പതിനായിരം രൂപ വാങ്ങി കബിളിപ്പിച്ച കേസിലാണ് അറസ്റ്റ്.
തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിക്കെതിരെ പോലീസ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം വിദേശത്തു നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് എമിഗ്രേഷൻ വിഭാഗം തടഞ്ഞു വെച്ച് വെൺമണി പോലീസിന് കൈമാറുകയായിരുന്നു.
പ്രതിക്കെതിരെ ആലപ്പുഴ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.