സിപിഎം സംസ്ഥാന സമ്മേളനം ; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഫെബ്രുവരി 17 ന് എൻ എസ് ദിനാചരണത്തിൻ്റെ ഭാഗമായി പാർട്ടി ഓഫിസുകൾ അലങ്കരിക്കും. പാർട്ടി ഓഫിസുകളിലും പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും പതാക ഉയർത്തും. 17, 18 തീയതികളിൽ കൊല്ലം ശുചിത്വ ജില്ല എന്ന ലക്ഷ്യവുമായി വീടുകളും പൊതുഇടങ്ങളും ശുചീകരിക്കും. എൻ്റെ ഭവനം ശുചിത്വ ഭവനം, മുറ്റത്തൊരു വൃക്ഷം എന്നീ സന്ദേശങ്ങളുമായി ക്യാംപയിൻ സംഘടിപ്പിക്കും. ഫെബ്രുവരി 25 ന് ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട് 5 ന് റെഡ് വൊളൻ്റിയർ പരേഡും സല്യൂട്ട് സ്വീകരിക്കലും നടക്കും.

കൊല്ലം : ഇം എം എസ് സർക്കാരിനെതിരായ വിമോചന സമരം പുതിയ രൂപത്തിൽ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എൽഡിഎഫ് കൺവീനറും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി.പി.രാമകൃഷ്ണൻ. സി പി ഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ് ഡി പി ഐ, ജമാ അത്തെ ഇസ്ലാമി പോലുള്ള മതരാഷ്ട്ര വാദികളുമായി സന്ധി ചെയ്യുന്ന ലീഗ് ആ സംഘത്തെ യുഡിഎഫിൽ ഉറപ്പിച്ചു നിർത്തി പുതിയ രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയാണ്. രാജ്യം ഭരിക്കുന്ന ബിജെപിയെ നയിക്കുന്ന ആർ എസ് എസും മതരാഷ്ട്ര വാദികളാണ്. അവർക്ക് രാജ്യത്തെ ഏക ബദലായ എൽ ഡി എഫ് സർക്കാരിനെയും കേരളത്തെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് താൽപര്യം. മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി എൽഡിഎഫ് സർക്കാരിനെ തകർക്കാനുള്ള ശത്രുക്കളുടെ നീക്കം തിരിച്ചറിയണമെന്നും ടി.പി. രാമകൃഷ്ണൻ ഓർമ്മിപ്പിച്ചു. കേരളത്തിൻ്റെപുരോഗമനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും തറക്കല്ലിട്ടത് കമ്മ്യൂണിസ്റ്റുകാരല്ലാതെ മറ്റാരുമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എസ് സുദേവൻ സ്വാഗതവും കൊല്ലം ഏരിയ സെക്രട്ടറി എച്ച്. ബെയ്സിൽ ലാൽ നന്ദിയും പറഞ്ഞു.

മുതിർന്ന നേതാവ് പി.കെ.ഗുരുദാസൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജെ.മേഴ്സിക്കുട്ടിയമ്മ, സൂസൻ കോടി, എം.എച്ച്. ഷാരിയർ, ചിന്ത ജെറോം, മേയർ പ്രസന്ന ഏണസ്റ്റ്, സി ഐ ടി യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, എം.ശിവശങ്കരപ്പിള്ള, പി.എ.എബ്രഹാം, വി.കെ. അനിരുദ്ധൻ, എക്സ്. ഏണസ്റ്റ്, ബി. തുളസീധരക്കുറുപ്പ് എന്നിവർ സംബന്ധിച്ചു.