തിരുവനന്തപുരം : കീടനാശിനി കലർത്തിയ കഷായം നൽകി കാമുകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. രണ്ടാം പ്രതി നിർമ്മല കുമാര ന് മൂന്നു വർഷം തടവ്ശിക്ഷിക്കും വിധിച്ചു. നെയ്യാറ്റിൻകര അഡീഷനല്‍ സെഷന്‍സ് കോടതി ആണ് വിധി പ്രസ്താവിച്ചത്.
ഷാരോൺ ഗ്രീഷ്മക്കെതിരെ മൊഴി നൽകിയിട്ടില്ല എന്നുള്ള പ്രതിഭാഗം വക്കീലിന്റെ വാദം തള്ളിയ കോടതി ഷാരോണിന് പരാതിയുണ്ടോ എന്നുള്ളത് കോടതിയുടെ വിഷയം അല്ലെന്നും, കുറ്റകൃത്യം ചെയ്ത അന്നുമുതൽ തെളിവുകൾ സ്വയം ചുമന്ന് നടക്കുകയാണെന്നുള്ള വിവരം പ്രതി അറിഞ്ഞില്ലെന്നും വ്യക്തമാക്കിയ കോടതി കേസന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും സമർത്ഥമായി ഉപയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിച്ചു.
11 ദിവസം വെള്ളം പോലും കുടിക്കാനാകാതെ മരണത്തോട് മല്ലടിച്ച ഷാരോണിന്റെ വേദന കോടതി മനസ്സിലാക്കുന്നെന്നും കോടതി വിധി പ്രസ്താവത്തിൽ പറയുന്നു.
ഒന്നര വര്‍ഷത്തോളം ഷാരോണും ഗ്രീഷ്മയുമായി പ്രണയത്തിലായിരുന്നു. ഷാരോണിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായാണ് ഷാരോണിനെ കൊലപ്പെടുത്തുന്നതിന് വേണ്ടി ഗ്രീഷ്മ 2022 ഒക്ടോബര്‍ 14നാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. 11–ാം നാള് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ഷാരോണ്‍ മരിച്ചത് .
ഒരേ ബസില്‍ കോളജിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായത്. പ്രണയം തീവ്രമായതോടെ ഇരുവരും തിരുവനന്തപുരത്തെ വെട്ടുകാട് പള്ളിയിലെത്തി രഹസ്യമായി താലിയും കുങ്കുമവും ചാര്‍ത്തി വിവാഹിതരായി. പക്ഷേ നാഗര്‍കോവില്‍ സ്വദേശിയായ പട്ടാളക്കാരന്റെ വിവാഹാലോചന വന്നതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമങ്ങള്‍ തുടങ്ങി. മതങ്ങള്‍ വ്യത്യസ്തമാണെന്നും പ്രശ്നങ്ങളുണ്ടാകുമെന്നുമായിരുന്നു ആദ്യത്തെ വാദം. ഇത് ഫലിക്കാതെ വന്നതോടെ ജാതകം പ്രശ്നമാണെന്നും തന്നെ വിവാഹം കഴിച്ചാല്‍ ഷാരോണ്‍ മരിച്ചുപോകുമെന്നും കള്ളക്കഥ ഇറക്കി. ഇതും പൊളിഞ്ഞതോടെ വകവരുത്താന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത് .