മലയാളത്തിന്റെ മഹാ വസന്തം എം ടി യുടെ സംസ്കാരം ഇന്ന് അഞ്ചുമണിക്ക്

കോഴിക്കോട് : കാലം കടന്നു ചിന്തിച്ച മലയാളത്തിന്റെ മഹാ വസന്തം എം ടി വാസുദേവൻ നായർ ഓർമ്മയായി. ഇന്നലെ വൈകിട്ട് കോഴിക്കോട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
സ്വന്തം ശൈലിയിൽ അദ്ദേഹം രചിച്ച രചനകൾ മലയാളക്കരയെ ലോകത്തിന് മുന്നിൽ വാനോളം ഉയർത്തുന്ന തരത്തിലുള്ളവയായിരുന്നു. അത് സിനിമയുടെ തിരക്കഥയായാലും നോവലായാലും ചെറുകഥയായാലും.
യാഥാർത്ഥ്യ ജീവിത സന്ദർഭങ്ങളിലേയ്ക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നാണ് അദ്ദേഹം നോവലുകൾക്ക് ജീവാംശം നൽകിയിരുന്നത്.
ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലെ ആനക്കര പഞ്ചായത്തിലെ ചെറിയ ഗ്രാമമായ കൂടല്ലൂരിലാണ് വാസുദേവൻ നായർ ജനിച്ചത്.
മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ നിലകളിലും പ്രവർത്തിച്ചു. പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭാ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എം.ടി യെ ഒരു നോക്ക് കാണാനായി ചലച്ചിത്ര രാക്ഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ഒഴുകിയെത്തുന്ന കാഴ്ചയാണ് അദ്ദേഹത്തിന്റെ കോഴിക്കോട് വസതിയിൽ കാണാൻ കഴിയുന്നത്.
മഹാപുരുഷന്റെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് മാവൂർ റോഡിലുള്ള ശ്മശാനത്തിൽ നടക്കും.