തിരുവനന്തപുരം : നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.
നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി ഓഫിസിൽ യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകകി വൻ തുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.
ജോയിന്റ് ആർ.ടി. ഓഫീസിലും പരിസരത്തിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജോയിന്റ് ആർ.ടി.ഒ യുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയിൽ നിന്നും 3,500 രൂപ വിജിലൻസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുകകൾ ജോയിന്റ് ആർ.ടി.ഒ ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായും ഇത്തരത്തിൽ ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളതായി കണ്ടെത്തി. നെയ്യാറ്റിൻകര സബ് ആർ.ടി ഓഫീസിൽ നിന്നും നിയമാനുസൃതം ലഭിക്കേണ്ട സേവനങ്ങൾ ഒന്നും തന്നെ കൈക്കൂലി നൽകാതെ ലഭിക്കുന്നില്ലായെന്ന് പൊതുജനങ്ങൾക്ക് പരാതിയുണ്ട്. ഇത് സംബന്ധിച്ച് തുടർ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സർക്കാരിലേക്ക് നൽകുന്നതാണെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു