ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് നല്‍കിയ ഭൂമിയുടെ നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് മന്ത്രി അറിയിച്ചതായി എൻ. കെ പ്രേമചന്ദ്രൻ

കൊല്ലം : ദേശീയപാത 744 ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം വേഗത്തിൽ വിതരണം ചെയ്യാന്‍ കേന്ദ്ര റോഡ് ഗതാഗത – ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി ദേശീയപാത അതോറിറ്റിയുടെ കേരളത്തിന്‍റെ ചുമതലയുളള മെമ്പര്‍ വെങ്കിട്ടരമണന് നിര്‍ദ്ദേശം നല്‍കിയതായി എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.   ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തണമെന്നും എത്രയും പെട്ടെന്ന് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയുമായും ദേശീയപാത അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുമായും ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.  നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുളള കാലതാമസം മൂലം ഭൂടമകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് എം.പി യോഗത്തില്‍ വിശദീകരിച്ചു.   സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിജ്ഞാപനങ്ങള്‍ റദ്ദായി പുനര്‍വിജ്ഞാപനം പുറപ്പെടുവിക്കേണ്ട സാഹചര്യം എം.പി ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അടിയന്തിര നടപടിയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുമ്പോള്‍ കെട്ടിടങ്ങളുടെ കാലപ്പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനു ദേശീയപാത 66ന് സ്വീകരിച്ച അതേ മാനദണ്ഡം ദേശീയപാത 744 ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് പാലിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.  ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുമ്പോള്‍ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി ധാരണയായ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കെട്ടിടത്തിന്‍റെ പഴക്കത്തിന്‍റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം തീരുമാനിക്കുന്നത് പുനപരിശോധിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.