ന്യൂഡൽഹി :എൻ കെ പ്രേമചന്ദ്രൻ എംപിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി.
കേരളത്തിലെ അറ്റോമിക് എനര്‍ജി വിനിയോഗം സംബന്ധിച്ച വിഷയങ്ങളില്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളെയാണ് കേന്ദ്ര അറ്റോമിക് എനര്‍ജി വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ അഭിനന്ദിച്ചത് . ചവറ ഐ.ആര്.ഇ യുടെ വികസനം ഘട്ടം ഘട്ടമായി സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ആണവോര്‍ജ്ജം സംബന്ധിച്ച് എന്‍.കെ. പ്രേമചന്ദ്രന് എം.പി ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ഊര്‍ജ്ജ ഉല്പാദനത്തിന് അറ്റോമിക് എനര്‍ജിയുടെ പ്രാധാന്യം രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണ്. ഊര്‍ജ്ജ ഉല്‍പ്പാദനം പരമ്പരാഗത രീതിയില്‍ നിന്നും ആണവോര്‍ജ്ജത്തിലേക്ക് രാജ്യം മാറുന്നു. കരിമണലില്‍ അടങ്ങിയിട്ടുള്ള മോണോസൈറ്റില്‍ നിന്നാണ് ആണവോര്ജ്ജത്തിനാവശ്യമായ യുറേനിയവും തോറിയവും വേര്‍തിരിക്കുന്നത്. കേരളതീരത്ത് സുലഭമായി ലഭിക്കുന്ന മോണോസൈറ്റ് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല. ആയതിനാല്‍ കേരളത്തിലെ തീരപ്രദേശത്ത് ലഭിക്കുന്ന മോണോസൈറ്റ് ഉപയോഗിച്ച് ചവറ ഐ.ആര്.ഇ യില്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്പാദിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിക്കണമെന്ന ആവശ്യമാണ് എന്‍.കെ. പ്രേമചന്ദ്രന് എം.പി ഉന്നയിച്ചത്. ആണവോര്‍ജ്ജ വകുപ്പിന്റെ ചുമതലയുള്ള പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ചോദ്യം ഉന്നയിച്ചതും മന്ത്രി മറുപടി നല്കിയതും. മണല്‍ ഖനനത്തിന് ലഭിച്ച അനുമതി ഉപയോഗിച്ച് ചില ബിസിനസ്സ് സ്ഥാപനങ്ങള്‍ രഹസ്യമായി കരിമണല്‍ ഖനനം നടത്തുന്നതിനെ ചെറുക്കുന്നതിനും എന്‍.കെ. പ്രേമചന്ദ്രന് എം.പി കാര്യക്ഷമമായി ഇടപെട്ടുവെന്നും മന്ത്രി ലോക്സഭയില്‍ പറഞ്ഞു