കോഴിക്കോട്: വടകര ചോറോട് വെച്ചുണ്ടായ അപകടത്തില്‍ മുത്തശ്ശിയുടെ ജീവനെടുക്കുകയും ഒന്‍പതുവയസ്സുകാരിയായ ചെറുമകളെ അബോധാവസ്ഥയിലാക്കുകയും ചെയ്ത് കടന്ന വാഹനവും ഡ്രൈവറെയും പത്തുമാസത്തെ അശ്രാന്തപരിശ്രമത്തിലൂടെ കണ്ടെത്തി കോഴിക്കോട് റൂറല്‍ പോലീസ്.
പുറമേരി സ്വദേശി ഷെജിന്റെ പേരിലായിരുന്നു വാഹനം. അപകടത്തിന് ശേഷം ഇന്‍ഷുറന്‍സ് ക്ലെയിമിനായി സമര്‍പ്പിച്ച വാഹനത്തിന്‍റെ ചിത്രങ്ങളും മറ്റുതെളിവുകളുമായി വാഹനത്തിന്‍റെ ഉടമയുടെ കുടുംബത്തെ ചോദ്യം ചെയ്തപ്പോഴാണ് അപകടത്തെപറ്റി അവര്‍ സമ്മതിക്കുന്നത്. സംഭവദിവസം രാത്രി ഷെജിന്‍ കുടുംബവുമായി കാറോടിച്ച് വടകരയില്‍ നിന്ന് തലശ്ശേരിക്ക് പോകവെയാണ് അപകടമുണ്ടായത്. വാഹനം നിര്‍ത്താതെ പോയതിനുശേഷം തകരാറുകള്‍ മാറ്റാനും തെളിവുകള്‍ നശിപ്പിക്കാനും പ്രതി ശ്രമിച്ചു. ആ തെളിവുകളിലൂടെ തന്നെ പ്രതി പോലീസ് പിടിയിലാകുകയും ചെയ്തു.
ഷെജിന്‍ നിലവില്‍ വിദേശത്താണ്. അപകടത്തില്‍പെട്ട ഒന്‍പതുവയസ്സുകാരി ഇപ്പോഴും അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വടകര ചോറോട് 2024 ഫെബ്രുവരി 17ന് രാത്രി അപകടത്തിനു കാരണം ഒരു വെള്ള സ്വിഫ്റ്റ് കാറാണെന്നു മാത്രമായിരുന്നു പോലീസിന് കിട്ടിയ സൂചന. 40 കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. കോടതി ഇടപെടലിനെത്തുടര്‍ന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പന്ത്രണ്ടായിരത്തോളം വാഹനങ്ങളും ഒപ്പം 50,000ത്തോളം ഫോണ്‍കോളുകളും പരിശോധിച്ചതില്‍ അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്താനായില്ല. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത വെള്ള സ്വിഫ്റ്റ് കാറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും ഫലമുണ്ടായില്ല.
തുടർന്ന് വര്‍ക്ക് ഷോപ്പുകളും സ്പെയര്‍പാര്‍ട്സ് കടകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍ അപകടം നടന്നതിനടുത്ത ദിവസങ്ങളിൽ പുറമേരിയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ മതിലിലിടിച്ച് അപകടമുണ്ടായെന്ന് പറഞ്ഞ് പോലീസ് അന്വേഷിക്കുന്ന മോഡല്‍ കാര്‍ പണിചെയ്യിപ്പിച്ചതായി വിവരം ലഭിച്ചു. ആ വാഹനത്തിന്‍റെ വിശദവും ശാസ്ത്രീയവുമായ പരിശോധനയില്‍ അപകടമുണ്ടാക്കിയ വാഹനം അതുതന്നെയെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി നിതിന്‍ രാജിന്‍റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐമാരായ കുഞ്ഞിബാവ പി, സുരേഷ് ബാബു കെ.പി, എസ്.സിപിഒമാരായ സന്തോഷ് ജി.എല്‍, ബിജേഷ് കെ.വി, ഷിനില്‍ കെ, ബിനീഷ് ടി എച്ച് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം നടന്നത് .