ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ യുവാവിന്റെ 78 ലക്ഷം തട്ടിയെടുത്തു

തിരുവനന്തപുരം : അംഗീകൃത ഷെയർ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ വ്യാജ ആപ്ലിക്കേഷൻ വഴി യുവാവിന്റെ 78 ലക്ഷം രൂപ തട്ടിയെടുത്തു.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയാണ് തട്ടിപ്പിനിരയായത്. സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങ് നടത്തി മികച്ച ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്തു വാട്സ്ആപ്പ് നമ്പറിലേക്കാണ് ആദ്യ സന്ദേശം ലഭിച്ചത്. ഒട്ടേറെ അംഗങ്ങൾ ഉള്ള ഗ്രൂപ്പിൽ അംഗമാക്കി. ഗ്രൂപ്പ് അഡ്മിൻ അയച്ചു കൊടുത്ത ലിങ്കിൽ കയറി മൊബൈൽ ആപ്പും വെബ്സൈറ്റും ഡൌൺലോഡ് ചെയ്തു. വെബ്സൈറ്റും ആപ്പും അംഗീകൃത കമ്പനിയുടേതാണെന്ന് വിശ്വസിപ്പിച്ചു. നിക്ഷേപിച്ച പണം ഇരട്ടിയായി ആപ്പിൽ കാണിച്ചു. ലാഭം കൂടുന്നത് കണ്ട യുവാവ് കൂടുതൽ പണം നിക്ഷേപിച്ചു. ഓരോ പ്രാവശ്യവും പല അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. അവസാനം പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ നികുതി ആവശ്യങ്ങൾക്കായി 20% പണം കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ഇത് തട്ടിപ്പാണെന്നു യുവാവിന് മനസ്സിലായത്. ഇതോടെ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കുറച്ചു മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് ഒരു ഐ ടി ഉദ്യോഗസ്ഥന്റെ 6.19 കോടി രൂപയും ഒരു വനിതാ ഡോക്ടറുടെ 87 ലക്ഷവും ഓൺലൈൻ ട്രേഡിങ്ങിലൂടെ ഇതുപോലെ നഷ്ടമായി. തട്ടിപ്പുകാരുടെ കെണിയിൽ പെടാതിരിക്കുക. ഓൺലൈൻ ട്രേഡിങ്ങ് ചെയ്യുന്നവർ വ്യാജന്മാരെ തിരിച്ചറിയുക. വാട്സ്ആപ്പ് ലൂടെ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കെണിയിൽ പെടാതിരിക്കുക.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.