ദിലീപിന്റെ ശബരിമല ദർശനം; ഗുരുതര വീഴ്ച ഉണ്ടായതായി വിജിലൻസ് റിപ്പോർട്ട്

പത്തനംതിട്ട : ദിലീപിന്റെ ശബരിമല സന്ദർശനത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ നൽകിയ വിഐപി പരിഗണനയിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ  ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിജിലൻസ് റിപ്പോർട്ട്. മന്ത്രിമാരും ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന മുറികളിൽ താമസ സൗകര്യം ഒരുക്കിയതായും കണ്ടെത്തി. സാധാരണ വിഐപികൾ ശബരിമല സന്ദർശിക്കുന്ന സമയത്ത് ശബരി ഗസ്റ്റ് ഹൗസിലാണ് താമസസൗകര്യം ഒരുക്കാറുള്ളത്, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായാണ് ദിലീപിന് താമസ സൗകര്യം ഒരുക്കിയത്.
അന്വേഷണ റിപ്പോർട്ട് ദേവസ്വം ബോർഡിന് ൽകിയിട്ടുണ്ട്. റിപ്പോർട്ടിന്മേൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
ഹൈക്കോടതി സ്വമേധയാ എടുത്ത കേസിനെ തുടർന്ന് ദേവസ്വം ബോർഡ് നടത്തിയ അന്വേഷണത്തിൽ ബോർഡിലെ നാല് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
വ്യാഴാഴ്‌ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും നടൻ ശബരിമല ദര്‍ശനം നടത്തിയിരുന്നു.