വെള്ളായണിക്കായലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം : വെള്ളായണിക്കായലിന്റെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ട ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് തുടക്കമാകുമെന്ന് മന്ത്രി എം.ബി രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.

ആദ്യഘട്ട പ്രവർത്തനത്തിന് 64 കോടി രൂപയ്ക്ക് സാങ്കേതികാനുമതി നൽകി. ഹരിതകേരളം മിഷന്റെ ഭാഗമായി ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇപ്പോൾ പദ്ധതി ആരംഭിക്കുകയാണ്. കായൽ തുടങ്ങുന്നതുമുതൽ കാക്കാമൂല വരെയുള്ള ഭാഗത്താണ് പുനരുദ്ധാരണപ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ 1,52,000 ക്യു.മീറ്റർ ചെളി നീക്കം ചെയ്ത് കായലിന്റെ വാഹകശേഷി വർദ്ധിപ്പിക്കും. 6665 കി.മീ. കരിങ്കൽ സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും ഇതോടൊപ്പമുണ്ട്. കായലിലേക്കു വന്നുചേരുന്ന പള്ളിച്ചൽ തോട്, പറക്കോട് തോട്, ശാസ്താംകോവിൽ തോട് എന്നിവയുടെ സംരക്ഷണഭിത്തിയുടെ നിർമ്മാണവും ഏറ്റെടുക്കും. പ്രാരംഭ പ്രവർത്തനമായ ‘ഹൈഡ്രോഗ്രാഫിക് സർവേ’ സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗം പൂർത്തീകരിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നീർച്ചാലുകൾക്ക് വേനൽക്കാല ജലലഭ്യത ഉറപ്പാക്കുന്നതിനായി ജലം ഒഴുകി വരുന്ന മുഴുവൻ കൈവഴികളും മാലിന്യ മുക്തമാക്കി വാഹകശേഷി കൂട്ടി പുനരുജ്ജീവിപ്പിക്കും. അതോടൊപ്പം പ്രധാന നീർച്ചാലിന്റേയും സ്വാഭാവികമായുള്ള ആഴവും വീതിയുമൊക്കെ വീണ്ടെടുക്കുകയും സാധ്യമായ ഇടങ്ങളിൽ ജലസംഭരണത്തിന് സഹായകരമായ നിർമ്മിതികൾ ഉറപ്പാക്കുകയും ചെയ്യും.

ഇതോടൊപ്പം തന്നെ തികച്ചും ശാസ്ത്രീയമായി നീർച്ചാലിന്റെ വൃഷ്ടിപ്രദേശ പരിപാലനവും ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകൾ കൂടുതൽ വ്യാപകമാക്കും. നീർച്ചാലുകളിൽ നീരൊഴുക്ക് ഉറപ്പാക്കുന്നതിൽ കുളങ്ങളുടെ പങ്ക് വലുതാണ്. അതിനാൽ കുളങ്ങളും ഒപ്പം പുനരുജ്ജീവിപ്പിക്കുവാനും ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ടി.എൻ സീമ പത്രസമ്മേളനത്തിൽ പങ്കെടുത്തു.