ക്യാബിനിൽ കുഴഞ്ഞുവീണ പോലീസുകാരനെ തിരിഞ്ഞു നോക്കാതെ എസ് എച്ച് ഒ

കൊച്ചി : സഹപ്രവർത്തകനായ പോലീസുകാരൻ സ്‌റ്റേഷനിൽ വെച്ച് കുഴഞ്ഞുവീണിട്ടും ഇടപെടാതെ നോക്കി നിന്ന സംഭവത്തിൽ എസ് എച്ച് ഒയ്‌ക്കെതിരെ നടപടി. തൃശ്ശൂർ പാവറട്ടി പോലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ കെജി കൃഷ്ണകുമാറിനെ സിറ്റി പോലീസ് കമ്മീഷണർ സ്ഥലം മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പാവറട്ടി പോലീസ് സ്‌റ്റേഷനിലെ സിപിഒ ഷെഫീക്കാണ് കുഴഞ്ഞുവീണത്

സ്റ്റേഷനിലെ മറ്റ് പോലീസുകാരാണ് ഷെഫീക്കിനെ പരിചരിച്ചത്. ഷെഫീക്കിനെ കൃഷ്ണകുമാർ തന്റെ ക്യാബിനിലേക്ക് വിളിച്ചുവരുത്തി സംസാരിക്കുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായതും ഷെഫീക്ക് കുഴഞ്ഞുവീണതും. തൊട്ടുമുന്നിൽ ഷെഫീക്ക് വീണ് കിടന്നിട്ടും കൃഷ്ണകുമാർ തിരിഞ്ഞുനോക്കിയില്ല

മറ്റ് പോലീസുകാരെത്തിയാണ് ഷെഫീക്കിനെ പുറത്തേക്ക് എടുത്തത്. സംഭവത്തിൽ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കമ്മീഷണർ പരിശോധിച്ചിരുന്നു. തുടർന്നാണ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്. കൃഷ്ണകുമാറിൽ നിന്ന് കമ്മീഷണർ വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ച ശേഷം വകുപ്പുതല നടപടികളിലേക്ക് കടക്കും.