കൈക്കൂലി : കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

കൊച്ചി : കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ വിജിലൻസ് പിടികൂടി. എറണാകുളം കാക്കനാടുള്ള റീജിയണൽ ലേബർ കമ്മിഷണർ ഓഫീസിലെ അസിസ്റ്റന്റ് ലേബർ കമ്മിഷണറും ഉത്തർപ്രദേശ് സ്വദേശിയുമായ അജീറ്റ് കുമാർ ആണ് വിജിലൻസ് പിടിയിലായത് .
പ്രൈവറ്റ് സ്ഥാപനത്തിലെ തൊഴിലാളികളെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറിയിലേക്ക് ജോലിക്ക് പ്രവേശിപ്പിക്കാനുള്ള എൻട്രി പാസ്സിനുവേണ്ടിയുള്ള മൈഗ്രന്റ് ലൈസൻസിനായിപരാതിക്കാരൻ സെപ്തംബർ മാസം പതിനെട്ടാം തിയതി റീജിയണൽ ലേബർ കമ്മിഷണർ ഓഫീസിൽ ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. തുടർന്ന് അസിസ്റ്റന്റ് ലേബർ കമ്മിഷണറായ അജീറ്റ് കുമാറിനെ പലതവണ നേരിൽ കണ്ടിട്ടും മൈഗ്രന്റ് പാസ്സ് നൽകാതെ, പാസ് അനുവദിക്കുന്നതിന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചതിനെ തുടർന്ന് വിജിലൻസ് നടത്തിയ നീക്കത്തിൽ കൈക്കൂലി വാങ്ങവെ അസിസ്റ്റന്റ് ലേബർ കമ്മിഷണറുടെ ഓഫീസിൽ വച്ച് അജീറ്റ് കുമാറിനെ കൈയ്യോടെ പിടികൂടുകയാണുണ്ടായത്.