ഭരണഘടനാ ദിനാചരണം 26ന്

തിരുവനന്തപുരം : ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നവംബർ 26ന് സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനാ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് നിർദേശിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. ഡോ. ബി.ആർ. അബേദ്ക്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപ്പികൾക്കുള്ള ആദരമായാണ് ഭരണഘടനാ ദിനാചരണം സംഘടിപ്പിക്കുന്നത്.

ജില്ലാ കളക്ടർമാർ, വകുപ്പ് മേധാവികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ചീഫ് എക്സിക്യൂട്ടിവ് എന്നിവർ ഭരണഘടനാ ദിനാഘോഷത്തിനുള്ള നടപടികൾ സ്വീകരിക്കണം. എല്ലാ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും അന്നു രാവിലെ 11ന് ഭരണഘടനയുടെ ആമുഖം വായിക്കണം. ഭരണഘടനയെക്കുറിച്ചുള്ള വെബിനാറുകൾ, സംവാദം, പ്രസംഗം, ഉപന്യാസം, ക്വിസ് തുടങ്ങിയ മത്സരങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാം. സർവകലാശാലകൾക്ക് ഭരണഘടനയുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ചകൾ നടത്താമെന്നും സർക്കുലറിൽ നിർദേശിച്ചു