പാലക്കാട് : രാഷ്ട്രീയ കൂടുമാറ്റങ്ങൾ കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തെ ഞെട്ടിച്ച തെരഞ്ഞെടുപ്പിനാണ് പാലക്കാട് ജനങ്ങൾ ഇന്ന് വിധിയെഴുതുന്നത്. ആദ്യ മണിക്കൂറുകളിൽ ബത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.
മൂന്നു മുന്നണികളും വിജയപ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലം കൂടിയാണ് പാലക്കാട് നിയമസഭാ മണ്ഡലം.
യുഡിഎഫ് വിട്ടു വന്ന ഡോക്ടർ പി.സരിൻ ആണ് എൽഡിഎഫ് സ്ഥാനാർഥി. പത്തനംതിട്ട ജില്ലക്കാരനായ രാഹുൽ മാങ്കൂട്ടത്തിലാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി. പാലക്കാട് സ്വദേശിയായ ശ്രീ കൃഷ്ണകുമാറാണ് എൻഡിഎ സ്ഥാനാർഥി.
അതേസമയം ബിജെപിയുടെ മുഖമായ സന്ദീപ് വാര്യർ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസിലേക്ക് കുടിയേറിയത് പുറമേ പറയുന്നില്ലെങ്കിലും ബിജെപിയെ വിഷമാവസ്ഥയിലാക്കിയിട്ടുണ്ട്. എന്നാൽ കോൺഗ്രസുകാരനായ സരിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎമ്മിനുള്ളിലും പുറത്തുപറയാത്ത ചില പുകച്ചിലുകൾ ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. കോൺഗ്രസിലും സ്ഥിതി വിഭിന്നമല്ല, ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം മാനിക്കാതെ പ്രതിപക്ഷ നേതാവിന്റെയും ഷാഫി പറമ്പിലിന്റെയും സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടം എത്തിയതിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളിലും അസ്വാരസ്യങ്ങൾ ഉണ്ട്. അത് പരസ്യമായും രഹസ്യമായും പുറത്തു വന്നിട്ടുള്ളതുമാണ്.