അമേരിക്കയുടെ അനധികൃത സർവ്വേ; അന്വേഷണം നടത്താൻ കേന്ദ്രത്തോട് ഹൈക്കോടതി

ദില്ലി : 2010-ല്‍ 54 ഇന്ത്യന്‍ നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് അമേരിക്ക സർവ്വേ നടത്തിയത്. ഇതില്‍ തിരുവനന്തപുരവും ഉള്‍പ്പെടും. കേരള പൊലീസ് അന്വേഷണം നടത്തിയെങ്കിലും അത് പര്യാപ്തമല്ല എന്ന് ചൂണ്ടികാട്ടിയാണ് കേന്ദ്രത്തോട് അന്വേഷിക്കാന്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവ് ഇറക്കിയത്. ‘ഗ്രീന്‍ വേവ് 12’ എന്ന പേരില്‍ ഇന്ത്യക്കുപുറമേ ഇന്‍ഡൊനീഷ്യ, തായലാന്‍ഡ്, മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്.

വാഷിങ്ടണ്‍ ഡി സിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിനായി ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ടെയ്ലര്‍ നെല്‍സണ്‍ സോഫ്രെസ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് സര്‍വെ നടത്തിയത്. രാജ്യത്തിന്റെ അഖണ്ഡതയക്ക് ഭീഷണി ആകുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടായത് എന്നാണ് സര്‍വേയ്ക്ക് എതിരെയുള്ള പരാതി. മുസ്ലീം മത വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടായത്. ഇത് ക്രമസമാധാനത്തെ ബാധിക്കുകയും കമ്പനിയുടെ ഡയറക്ടര്‍ പ്രദീപ് സക്‌സേനയക്ക് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

രാജ്യത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വെ എന്നായിരുന്നു കണ്ടെത്തലാണ് കുറ്റപത്രത്തിലുള്ളത്. ഇസ്ലാം നേരിടുന്ന വെല്ലുവിളിയെന്ത്, നല്ല മുസ്ലിം ആയിരിക്കുന്നതിന്റെ പ്രാധാന്യം എന്ത്, ഇസ്ലാം മതവിശ്വാസത്തെ സംരക്ഷിക്കുന്നതിനായി ബോംബ് സ്ഫോടനമടക്കം നടത്തുന്നതിനെ ന്യായീകരിക്കുന്നുണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു സര്‍വെയില്‍ ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ സര്‍വെ നടത്തിയതിനും നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.