താമര വിട്ട് കൈപ്പത്തിയിലേക്ക് ചേക്കേറി സന്ദീപ് വാര്യർ.

പാലക്കാട്‌ : ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ. നീണ്ടകാലത്തെ ബിജെപി ബന്ധം ഉപേക്ഷിച്ചാണ് സന്ദീപ് വാര്യർ കോൺഗ്രസ് അംഗമായത്.കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ത്രിവർണ ഷാൾ അണിയിച്ചാണ് സന്ദീപിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
ബിജെപിയിൽ നിന്ന് തനിക്ക് പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലന്നും മാനുഷിക പ്രവർത്തനം അനിവാര്യമെന്ന് തോന്നിയതിനാലാണ് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയതെന്നും പാർട്ടി അംഗത്വം സ്വീകരിച്ചുകൊണ്ട് സന്ദീപ് വാര്യർ പറഞ്ഞു.

സിപിഎമ്മും ബിജെപിയും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്നും, കരുവന്നൂർ ബാങ്ക് തട്ടിപ്പും ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രൻ ഉൾപ്പെട്ട അഴിമതി കേസുകളും ഇരു പാർട്ടികളും ചേർന്ന് ഒത്തുതീർപ്പ് വ്യവസ്ഥയിലേക്ക് കൊണ്ടുവന്നു. മതം തിരിഞ്ഞ് പ്രവർത്തിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ തനിക്ക് ബിജെപിയിൽ തുടർന്ന് പ്രവർത്തിക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.
ബലിദാനികളെ കുടുംബത്തെ സംരക്ഷിക്കാത്ത ബിജെപി ബലിദാനികളുടെ ഫോട്ടോ വെച്ച് വോട്ട് തേടുന്നത് അംഗീകരിക്കാൻ കഴിയില്ല.
ബിജെപി – ആർ എസ് എസ് പ്രവർത്തകരെ കൊലപ്പെടുത്തിയ പ്രതികൾക്കെതിരെ പ്രമുഖ അഭിഭാഷകരെ കൊണ്ട് കേസ് നടത്താൻ പോലും ബിജെപി നേതൃത്വം തയ്യാറായില്ല. ബിജെപി വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആണ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഘവും തന്നെ നിരന്തരമായി ദ്രോഹിച്ചിരുന്നതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.