മോഷണ കേസുകളിലെ പ്രതിയും കൂട്ടാളികളും എം.ഡി.എം.എ-യുമായി പിടിയിൽ.

തിരുവനന്തപുരം : നിരവധി മോഷണ കേസുകളിൽ പ്രതിയായിരുന്നയാളെയും രണ്ട് കൂട്ടാളികളെയും എം.ഡി.എം.എ-യുമായി
പൊലീസ് പിടികൂടി. വെള്ളനാട്, കുളക്കോട്, ഉത്രം വീട്ടിൽ രമേശ് (40), വലിയ വേളി, ജാസ്മിൻ ഹൗസിൽ ബൈജു പെരെര (33), ചെറിയതുറ, പുതുവൽ ഹൗസിൽ റോയ് ബെഞ്ചമിൻ (31) എന്നിവരാണ് സിറ്റി സാഗോക്ക് ടീമും ശ്രീകാര്യം പൊലീസും സംയ്കുതമായി നടത്തിയ പരിശോധനയിൽ പിടിയിലായത്.

നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ശ്രീകാര്യം കല്ലമ്പള്ളി ഭാഗത്ത് വീട് വാടകയ്ക്ക് എടുത്താണ് ഇയാളും മറ്റ് രണ്ടുപേരും ചേർന്നു മയക്കുമരുന്ന് കച്ചവടം നടത്തിവന്നിരുന്നത്. കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്ന സംഘത്തെ വീട് വളഞ്ഞാണ് പോലീസ് പിടികൂടിയത്,
ഇവരിൽ നിന്ന് 18 ഗ്രാം എം.ഡി.എം.എയും, ഉപയോഗിച്ചതും, ഉപയോഗിക്കാത്തതുമായ നിരവധി സിറിഞ്ചുകൾ, ക്രിസ്റ്റൽ ബൗളുകൾ, മയക്കുമരുന്ന് അളവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്, എന്നിവ പിടികൂടി.
മുൻപ് ജില്ലയിലെ മണ്ണന്തല, നാലാഞ്ചിറ, വട്ടപ്പാറ, അരുവിക്കര, നെടുമങ്ങാട്, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളിലായി നിരവധി വീടുകൾ മോഷണങ്ങൾ നടത്തിയിട്ടുള്ളയാളാണ് രമേശ്. മോഷണശേഷം മുളകുപൊടി വിതറി പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കുന്നതാണ് ഇയാളുടെ രീതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ സംഘത്തെയും റിമാൻഡ് ചെയ്തു. മൂവർ സംഘത്തെ കസ്റ്റഡിയിൽ വാങ്ങി മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും, മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.